കളിയിക്കാവിള ചെക്ക് പോസ്റ്റില്‍ എ.എസ്.ഐയെ വെടിവെച്ചു കൊലപ്പെടുത്തിയ ശേഷം പ്രതികള്‍ രക്ഷപെടുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്
തിരുവനന്തപുരം: കളിയിക്കാവിള ചെക്ക്‌പോസ്റ്റില്‍ എ.എസ്.ഐയെ വെടിവെച്ചു കൊലപ്പെടുത്തിയ ശേഷം പ്രതികള്‍ രക്ഷപ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. ചെക്ക്‌പോസ്റ്റിലെ സിസിടിവിയില്‍ നിന്നുള്ള ദൃശ്യങ്ങളാണു പുറത്തുവന്നിരിക്കുന്നത്. പ്രതികള്‍ ആരെന്നു ദൃശ്യങ്ങളില്‍ വ്യക്തമല്ലെങ്കിലും ഈ ദൃശ്യങ്ങളെ കേന്ദ്രീകരിച്ചു പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. അക്രമികള്‍ സഞ്ചരിച്ചതെന്നു കരുതുന്ന വാഹനത്തിന്റെ വിവരങ്ങള്‍ തമിഴ്‌നാട് പോലീസ് കേരളത്തിനു കൈമാറിയിട്ടുണ്ട്. ഇതനുസരിച്ചു കര്‍ശന പരിശോധന തുടരുകയാണ്.
ഏതാനും ദിവസം മുമ്പു നാലു നക്‌സലുകള്‍ തമിഴ്‌നാട്ടിലേക്കു കടന്നതായി തമിഴ്‌നാട് രഹസ്യാന്വേഷണ വിഭാഗത്തിന്റെ വിവരമുണ്ടായിരുന്നു. ഇതുപ്രകാരം നക്‌സലുകളെ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്. ബുധനാഴ്ച രാത്രി ഒമ്പതരയോടെയാണു കളിയിക്കാവിളയിലെ തമിഴ്‌നാട് പോലീസിന്റെ ചെക്‌പോസ്റ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന വില്‍സണ്‍ എന്ന എഎസ്‌ഐയെ മുഖം മൂടി ധരിച്ചെത്തിയ രണ്ടുപേര്‍ വെടിവെച്ചുകൊലപ്പെടുത്തിയത്. അതിര്‍ത്തിയിലെ ചെക്ക്‌പോസ്റ്റില്‍ ഡ്യൂട്ടിക്കു നില്‍ക്കുകയായിരുന്നു വില്‍സണ്‍. ഇതിനിടെ റോഡിലൂടെ നടന്നുവന്ന സഘം വെടിയുതിര്‍ക്കുകയായിരുന്നു.