സുശാന്തിന്റെ മരണ ദിവസത്തെ സംഭവങ്ങള്‍ പുനഃസൃഷ്ടിക്കാനൊരുങ്ങി സി.ബി.ഐ
ന്യൂഡല്‍ഹി: ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണ ദിവസത്തെ സംഭവങ്ങള്‍ പുനഃസൃഷ്ടിക്കാനൊരുങ്ങി അന്വേഷണ സംഘം. ഇതുമായി ബന്ധപ്പെട്ട് ഇന്നലെ സി.ബി.ഐ സംഘം ഫൊറന്‍സിക് വിദഗ്ധരുമായി ചേര്‍ന്ന് സുശാന്തിന്റെ വസതിയിലെത്തി. സുശാന്തിന്റെ പാചകക്കാരന്‍ നീരജ്,സുശാന്തിനൊപ്പം താമസിച്ചിരുന്ന സിദ്ധാര്‍ഥ് പിത്താനി എന്നിവരും സി.ബി.ഐക്കൊപ്പം ഉണ്ടായിരുന്നു. സിദ്ധാര്‍ഥ് പിത്താനിയെ സി.ബി.ഐ ഇന്ന് ചോദ്യം ചെയ്യും. വെള്ളിയാഴ്ച നീരജിനെ ചോദ്യം ചെയ്തിരുന്നു.
മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കൊണ്ടു പോയ കൂപ്പര്‍ ആശുപത്രിയിലും സി.ബി.ഐ സംഘം എത്തിരുന്നു. സുശാന്തിന്റെ കാമുകി നടി റിയ ചക്രവര്‍ത്തിക്ക് മോര്‍ച്ചറിയിലേക്ക് അനധികൃതമായി പ്രവേശനം നല്‍കിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തിലാണ് സി.ബി.ഐ സംഘം ആ ശുപത്രിയിലെത്തി കൂടുതല്‍ തെളിവുകള്‍ ശേഖരിച്ചത്. റിയയ്ക്ക് മോര്‍ച്ചറിയില്‍ 45 മിനിറ്റ് സമയത്തേക്ക് പ്രവേശനം നല്‍കിയതായാണ് റിപ്പോര്‍ട്ട്. ഇക്കാര്യവും സിബിഐ അന്വേഷിക്കും. ഇതിന് പുറമെ ഫൊറന്‍സിക് വിവരങ്ങളും ശേഖരിക്കും. റിയയെക്കുറിച്ചറിയാന്‍ ഡോക്ടര്‍മാരെയും ചോദ്യം ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.
റിയയെ മോര്‍ച്ചറിയിലേക്ക് കൊണ്ടുപോയ കര്‍ണി സേന അനുയായി സുര്‍ജിത് സിംഗാണ് സുശാന്തിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ റിയയെ അനുവദിക്കണമെന്ന് ആശുപത്രി അധികൃതരോട് ആവശ്യപ്പെട്ടത്. തുടര്‍ന്ന് റിയ സുശാന്തിന്റെ മൃതദേഹം സ്പര്‍ശിച്ച് ക്ഷമിക്കണം ബാബു എന്ന് പറഞ്ഞതായി സുര്‍ജിത് വെളിപ്പെടുത്തിട്ടുണ്ട്. ഇതും സിബിഐ സംഘം അന്വേഷിക്കും.
കേസിന്റെ വിവിധ വശങ്ങള്‍ പരിശോധിക്കുന്ന അഞ്ചു ടീമുകളെ സിബിഐ രൂപീകരിച്ചത്. മുംബൈ പോലീസുമായും കേസിന്റെ ചുമതലയുള്ള ഡെപ്യൂട്ടി പൊലീസ് കമ്മീഷണറുമായും ഏകോപ്പിച്ചായിരിക്കും അന്വേഷണം. വെള്ളിയാഴ്ച കേസില്‍ കൂടുതല്‍ അന്വേഷണത്തിനായി സിബിഐ സംഘം ബാന്ദ്ര പൊലീസ് സ്റ്റേഷനില്‍ എത്തിയിരുന്നു. സുശാന്തിന്റെ മരണത്തില്‍ റിയയ്ക്ക പങ്കുണ്ടെന്ന് നേരത്തെ തന്നെ ആരോപണം ഉയര്‍ന്നിരുന്നു.ഈ കാര്യം കൂടി കണക്കിലെടുത്താണ് സിബിഐ അന്വേഷണം നടത്തുന്നത്.