സിസ്റ്റര്‍ അഭയ കേസില്‍ സാക്ഷികളുടെ കൂറുമാറ്റം തടയാന്‍ ‘ബൈബിള്‍’ മാര്‍ഗവുമായി സി.ബി.ഐ
തിരുവനന്തപുരം: കേരളത്തില്‍ കോളിളക്കം സൃഷ്ടിച്ച സിസ്റ്റര്‍ അഭയ കേസില്‍ സാക്ഷികള്‍ ഒന്നിന് പുറകെ ഒന്നായി കൂറുമാറ്റം നടത്തുകയാണ്. ഇതിനെതിരെ ‘ബൈബിള്‍’ മാര്‍ഗവുമായി രംഗത്ത് വന്നിരിക്കുകയാണ് സിബിഐ. സാക്ഷികളെക്കൊണ്ട് കോടതി മുറിയില്‍ ബൈബിള്‍ തൊട്ട് പ്രതിജ്ഞ ചൊല്ലിക്കാനാണ് സിബിഐയുടെ നീക്കം. അഭയ കേസില്‍ ആദ്യത്തെ രണ്ടു ദിവസം രണ്ടു സുപ്രധാന സാക്ഷികള്‍ കൂറുമാറിയിരുന്നു. അഭയയുടെ ഒപ്പം താമസിച്ചിരുന്ന സിസ്റ്റര്‍ അനുപമയും അഭയയെ മരിച്ച നിലയില്‍ കണ്ടെത്തിയ കോണ്‍വെന്റിന്റെ സമീപത്തു താമസിക്കുന്ന സഞ്ജു പി മാത്യുവുമാണ് കൂറുമാറിയത്. സംഭവത്തിന് തലേ ദിവസം രാത്രി പ്രതികളില്‍ ഒരാളായ ഫാ. കോട്ടൂരിന്റെ സ്‌കൂട്ടര്‍ കോണ്‍വെന്റിനു സമീപം കണ്ടെന്ന് സഞ്ജു മൊഴി നല്‍കിയിരുന്നു. എന്നാല്‍ കോടതിയില്‍ ഇത് മാറ്റി പറയുകയായിരുന്നു.
കേസില്‍ 177 സാക്ഷികളാണുള്ളത്. ഇതില്‍ പലരും കൂറുമാറാന്‍ ഇടയുണ്ടെന്നാണ് സിബിഐ വിലയിരുത്തുന്നത്. സാക്ഷികളില്‍ നല്ലൊരു പങ്കും സഭാംഗങ്ങളും ക്രിസ്ത്യന്‍ വിശ്വാസികളും ആയതിനാല്‍ ബൈബിള്‍ തൊട്ടു സത്യ ചെയ്യിക്കുക എന്നത് മാത്രമാണ് വഴിയെന്നാണ് സിബിഐയുടെ നിലപാട്.