Featuredhome bannerHome-bannerKeralaNews

മെഡിസെപ് പ്രീമിയം ജൂൺ മുതൽ ശമ്പളത്തിൽ നിന്ന് പിടിക്കും; പദ്ധതിയിൽ ആരൊക്കെയെന്നറിയാം

തിരുവനന്തപുരം: സംസ്ഥാനസര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ മെഡിസെപ് ജൂലായ് ഒന്ന് മുതല്‍ പ്രാബല്യത്തില്‍. പദ്ധതി നടപ്പാക്കുന്നതിനുള്ള ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കി. 4,800 രൂപയും 18 ശതമാനം ജിഎസ്ടിയും ഉള്‍പ്പെടുന്ന തുക ഒരു കൊല്ലത്തേക്ക് ഇന്‍ഷുറന്‍സിനായി അടയ്‌ക്കേണ്ടതുണ്ട്. പ്രതിമാസ പ്രീമിയം തുക 500 രൂപയാണ്. ഇന്‍ഷുറന്‍സ് പ്രീമിയം തുക ജീവനക്കാരുടെ ശമ്പളത്തില്‍ നിന്നും ജൂണ്‍ മാസം മുതലും പെന്‍ഷന്‍കാരില്‍ നിന്ന് ജൂലായ് മാസം മുതലും ഈടാക്കിത്തുടങ്ങും.

വര്‍ഷത്തില്‍ മൂന്ന് ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷയാണ് സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും മെഡിസെപ്പിലൂടെ ലഭിക്കുക. ഒരു വര്‍ഷത്തെ മൂന്ന് ലക്ഷം രൂപയില്‍ ഉപയോഗിക്കാത്ത തുകയില്‍ പരമാവധി ഒന്നരലക്ഷം രൂപ വരെ അടുത്ത ഇന്‍ഷുറന്‍സ് കാലത്തേക്ക് മാറ്റാം. എംപാനല്‍ ചെയ്ത സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ മാത്രമേ മെഡിസെപ്പ് പ്രകാരമുള്ള പരിരക്ഷ ലഭിക്കൂ. ജീവന് ഭീഷണിയോ അപകടമോ ഉള്ള അടിയന്തരഘട്ടങ്ങളില്‍ എംപാനല്‍ ചെയ്യാത്ത ആശുപത്രികളിലും ചികിത്സയ്ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും.

ഒപി ചികിത്സ പരിരക്ഷയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. 24 മണിക്കുറിലധികം ആശുപത്രിയില്‍ കിടത്തി ചികിത്സ നടത്തിയിട്ടുണ്ടാവണം. 1920 രോഗങ്ങള്‍ ഇന്‍ഷുറന്‍സ് അംഗീകൃത പട്ടികയിലുണ്ട്. മാരകരോഗങ്ങള്‍ക്ക് 18 ലക്ഷം രൂപ വരെ ഇന്‍ഷുറന്‍സ് ലഭിക്കും. ആശുപത്രിവാസത്തിന് മുമ്പും പിമ്പും 15 ദിവസത്തേക്ക് ചെലവായ തുക ക്ലെയിം ചെയ്യാവുന്നതാണ്. പദ്ധതിയില്‍ ഉള്‍പ്പെടുന്നവര്‍ക്ക് ഇന്‍ഷുറന്‍സ് കമ്പനി കാര്‍ഡ് നല്‍കും. കാര്‍ഡിന്റെ പ്രിന്റ് ഔട്ട്, ഫോണില്‍ സൂക്ഷിക്കാവുന്ന ഡിജിറ്റല്‍ പകര്‍പ്പ്, മൊബൈല്‍ ആപ്ലിക്കേഷനിലെ വിവരങ്ങള്‍ ഇവയിലേതെങ്കിലും ആശുപത്രിയില്‍ കാണിച്ചാല്‍ കാഷ്‌ലെസ് ചികിത്സ ലഭിക്കും.

എല്ലാവര്‍ക്കും സ്വന്തം താലൂക്ക് പരിധിയില്‍ ചികിത്സ ഉറപ്പാക്കുന്ന വിധത്തിലാണ് ആശുപത്രികളുടെ പട്ടിക തയ്യാറാക്കിയിട്ടുള്ളത്. ഒപി ചികിത്സയ്ക്ക് പരിരക്ഷ ഇല്ലാത്തതിനാല്‍ കേരള ഗവണ്‍മെന്റ് സെല്‍വന്റ്‌സ് മെഡിക്കല്‍ അറ്റന്‍ഡന്‍സ് ചട്ടങ്ങള്‍ക്ക് വിധേയരായ എല്ലാ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും സര്‍ക്കാര്‍ ആശുപത്രികളിലും ആര്‍സിസി, ശ്രീചിത്ര, മലബാര്‍-കൊച്ചിന്‍ കാന്‍സര്‍ സെന്ററുകള്‍ ഉള്‍പ്പെടെയുള്ള സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികളിലും ചികിത്സയ്ക്ക് നിലവിലുള്ള റീ ഇംപേഴ്‌സ്‌മെന്റ് തുടര്‍ന്നും ലഭിക്കും.

സര്‍ക്കാര്‍ ജീവനക്കാര്‍, പെന്‍ഷന്‍കാര്‍, കുടുംബപെന്‍ഷന്‍ വാങ്ങുന്നവര്‍, ഇവരുടെയെല്ലാം കുടുംബാംഗങ്ങള്‍, സര്‍ക്കാരില്‍ നിന്നും തദ്ദേശസ്ഥാപനങ്ങളില്‍ നിന്നും ഗ്രാന്റ് ലഭിക്കുന്ന സര്‍വകലാശാലകളിലെ ജീവനക്കാരും പെന്‍ഷന്‍കാരും മുഖ്യമന്ത്രി, മന്ത്രിമാര്‍, പ്രതിപക്ഷനേതാവ്, ചീഫ് വിപ്പ്, സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍, ധനകാര്യ കമ്മിറ്റികളുടെ ചെയര്‍മാന്‍, പേഴ്‌സണല്‍ സ്റ്റാഫ്, പെന്‍ഷന്‍ വാങ്ങുന്നവര്‍, കുടുംബപെന്‍ഷന്‍ വാങ്ങുന്നവര്‍ എന്നിവരാണ് മെഡിസെപ്പില്‍ ഉള്‍പ്പെടുന്നത്.

കൂടുതല്‍ വിവരങ്ങള്‍

  • പദ്ധതിയില്‍ ആശ്രിതരായി പരിഗണിക്കപ്പെടുന്നവര്‍( സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ പറയുന്നത്)- പങ്കാളി, ജീവനക്കാരെ മാത്രം ആശ്രയിച്ച് കഴിയുന്ന മാതാപിതാക്കള്‍(സംസ്ഥാന സര്‍ക്കാര്‍-സര്‍വകലാസാല-തദ്ദേശസ്വയംഭരണ സ്ഥാപന ജീവനക്കാര്‍, സര്‍വീസ്-സര്‍വകലാശാല-തദ്ദേശസ്വയംഭരണ പെന്‍ഷന്‍കാര്‍ എന്നിവര്‍ ആശ്രതരല്ല. ഇവര്‍ക്ക് പദ്ധതിയില്‍ പ്രത്യേകമായി പ്രധാന അംഗത്വത്തിന് അര്‍ഹതയുണ്ട്).
  • കുട്ടികള്‍ക്ക് 25 വയസ് പൂര്‍ത്തിയാകുന്നതു വരെയോ അല്ലെങ്കില്‍ വിവാഹം കഴിക്കുന്നതു വരെയോ ജോലി ലഭിക്കുന്നതു വരെയോ ഏതാണ് ആദ്യം അതുവരെ ഇന്‍ഷുറന്‍സിന് അര്‍ഹതയുണ്ടായിരിക്കും.
  • ശാരീരിക മാനസിക വൈകല്യമുള്ള കുട്ടികള്‍ക്ക് പ്രായപരിധി ബാധകമല്ല.
  • സ്വകാര്യ ഇന്‍ഷുറന്‍സ് പദ്ധതികളുടെ വിവരം നല്‍കേണ്ടതില്ല.
  • ഒരു വകുപ്പില്‍ നിന്ന് മറ്റൊരു വകുപ്പില്‍ ഡെപ്യൂട്ടേഷനിലുള്ള ഉദ്യോഗസ്ഥന്‍ നിലവിലെ തസ്തികയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പ്രസ്തുത വകുപ്പില്‍ നല്‍കണം. സര്‍ക്കാര്‍ വകുപ്പില്‍ നിന്ന് ബോര്‍ഡ് / കോര്‍പറേഷന്‍ / സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയില്‍ സെപ്യൂട്ടേഷനില്‍ നിയമിതരായ ഉദ്യോഗസ്ഥര്‍ മാതൃവകുപ്പിലാണ് വിവരങ്ങള്‍ നല്‍കേണ്ടത്.
  • എല്ലാ വകുപ്പുകളും പദ്ധതി നടത്തിപ്പിനായി നോഡല്‍ ഓഫീസറെ നിയമിക്കണം.
  • മാതാപിതാക്കള്‍ ഇരുവരും സര്‍ക്കാര്‍ ജീവനക്കാരാണെങ്കില്‍ ഒരാളുടെ ആശ്രിതനോ ആശ്രിതയോ ആയി മാത്രമേ കുട്ടികളുടെ പേര് ചേര്‍ക്കാനാവൂ. ഒന്നില്‍ കൂടുതല്‍ തവണ ചേര്‍ത്താല്‍ പദ്ധതിയുടെ ആനുകൂല്യം ലഭിക്കില്ല.
  • പദ്ധതിയില്‍ പ്രധാന അംഗത്വത്തിന് അര്‍ഹതയുള്ളവര്‍ക്ക് ഭര്‍ത്താവിന്റേയോ ഭാര്യയുടേയോ മാതാപിതാക്കളെ ആശ്രിതരായി ഉള്‍പ്പെടുത്താന്‍ സാധിക്കില്ല.
  • പൊതുമേഖലാസ്ഥാപനങ്ങളില്‍ സേവനത്തിലിരിക്കുന്നതോ വിരമിച്ചതോ ആയ മാതാപിതാക്കളെ ആശ്രിതരായി ഉള്‍പ്പെടുത്താന്‍ കഴിയില്ല.
  • സഹോദരനേയോ സഹോദരിയേയോ ആശ്രിതനായി / ആശ്രിതയായി ഉള്‍പ്പെടുത്താനാകില്ല.
  • ബോര്‍ഡ്-പൊതുമേഖലാസ്ഥാപനത്തില്‍ സേവനത്തിലുള്ളതോ വിരമിച്ചതോ ആയ പങ്കാളിയെ ഉള്‍പ്പെടുത്താം.
  • വിമുക്തഭടന്‍മാരായ മാതാപിതാക്കളെ പദ്ധതിയില്‍ ഉള്‍പ്പെടുത്താനാകില്ല.
  • കെഎസ്ഇബി, കെഎസ്ആര്‍ടിസി, വാട്ടര്‍ അതോറിറ്റി തുടങ്ങിയ സ്ഥാപനങ്ങളില്‍ സേവനത്തിലുള്ളതോ വിരമിച്ചതോ ആയ മാതാപിതാക്കളെ ആശ്രിതരുടെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ല.
  • പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയില്‍ ഉള്‍പ്പെട്ട ജീവനക്കാര്‍ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടും.
  • കമ്മിഷനുകള്‍, സ്വയം ഭരണ സ്ഥാപനങ്ങള്‍, പൊതുമേഖലാസ്ഥാപനങ്ങള്‍, സഹകരണസ്ഥാപനങ്ങള്‍എന്നിവയില്‍ സ്ഥിരപ്പെട്ട ജീവനക്കാര്‍ ആദ്യഘട്ടത്തില്‍ പദ്ധതിയുടെ ഭാഗമാകില്ല.
  • കുടുംബപെന്‍ഷന്‍ ലഭിക്കുന്ന മാതാവിനേയോ പിതാവിനേയോ പദ്ധതിയില്‍ ചേര്‍ക്കാനാകില്ല.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker