തലശ്ശേരി:വിഭാഗീയ പ്രവര്‍ത്തനമെന്ന സംസ്ഥാന നേതൃത്വത്തിന്‍റെ ആക്ഷേപങ്ങള്‍ തള്ളി ശശിതരൂർ മലബാര്‍ പര്യടനം തുടരുകയാണ്. ഇന്ന് കണ്ണൂർ ജില്ലയിലാണ് പര്യടനം . രാവിലെ 9 മണിക്ക് തലശ്ശേരി ആർച്ച് ബിഷപ്പ് മാർ പാംപ്ലാനി യുമായി അദ്ദേഹത്തിൻറെ വസതിയിൽ തരൂര്‍ കൂടിക്കാഴ്ച നടത്തി.കോൺഗ്രസിലെ കാര്യങ്ങളൊക്കെ ചർച്ച ചെയ്തു.എന്നാൽ രാഷ്ട്രീയം ചർച്ച ചെയ്തില്ല.വിശ്വപൗരനായ ഒരാൾ നേതൃരംഗത്തേക്ക് വരുന്നത് നല്ലതെന്ന് ബിഷപ്പ് കൂടിക്കാഴ്ചക്ക് ശേഷം പ്രതികരിച്ചു.
കണ്ണൂർ ചേംബർ ഹാളിൽ ജനാധിപത്യം മതേതരത്വം രാഷ്ട്രീയ സമകാലിക ഇന്ത്യയിൽ എന്ന വിഷയത്തിലെ സെമിനാറില്‍ തരൂര്‍ പങ്കെടുക്കും. ചേംബർ ഹാളിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റി തീരുമാനിച്ച ഈ പരിപാടി ജവഹർ ലൈബ്രറിയുടെ നേതൃത്വത്തിൽ ഏറ്റെടുത്ത് നടത്തുമെന്ന് ഡിസിസി അധ്യക്ഷൻ അറിയിച്ചത് വിവാദമായിരുന്നു. ഉച്ചക്ക് ശേഷം അന്തരിച്ച മുൻ ഡിസിസി അദ്ധ്യക്ഷൻ സതീശൻ പാച്ചേനിയുടെ വീടും തരൂര്‍ സന്ദർശിക്കും.
കോൺഗ്രസ് നേതാവ് ശശി തരൂർ എം.പി. സംസ്ഥാനരാഷ്ട്രീയത്തിൽ സജീവമാകുന്നതിന് യു.ഡി.എഫി.ലെ പ്രധാന ഘടകകക്ഷിയായ മുസ്‌ലിം ലീഗിന്റെ പച്ചക്കൊടി ലഭിച്ചിരുന്നു. തരൂർ മുന്നണിയുടെ നേതൃസ്ഥാനത്തേക്ക് വരുകയാണെങ്കിൽ ലീഗ് പിന്തുണയ്ക്കും. അത് ലീഗും ആഗ്രഹിക്കുന്നതാണ്. എന്നാൽ, കോൺഗ്രസിൽ തരൂരിന്റെ റോൾ എന്തായിരിക്കണമെന്ന കാര്യം അവരുടെ ആഭ്യന്തരവിഷയമായതിനാൽ പരിധിവിട്ട് ഇടപെടില്ല.
പാണക്കാട്ടെത്തിയ ശശി തരൂരിനെ സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ ആവേശത്തോടെയാണ് വരവേറ്റത്. കൂടിക്കാഴ്ച ലീഗിനും വലിയ പ്രതീക്ഷകൾ നൽകുന്നതാണ്. തരൂരിനെ സ്വീകരിക്കാൻ ഉന്നതാധികാരസമിതി അംഗങ്ങളടക്കമുള്ള നേതാക്കളെത്തിയത് അതുകൊണ്ടാണ്.
തരൂരിനെ കേരളത്തിൽ സജീവമാക്കുന്നത് യു.ഡി.എഫി.ന്റെ തിരിച്ചുവരവിന് ഊർജം പകരുമെന്നാണ് ലീഗ് നിലപാട്. അക്കാര്യം കോൺഗ്രസ് നേതാക്കളോട് ലീഗ് പങ്കുവെച്ചിട്ടുണ്ട്. എന്നാൽ, ഇതുകാരണം കോൺഗ്രസിലോ യു.ഡി.എഫിലോ കലഹമുണ്ടാകുന്നത് ലീഗ് ഇഷ്ടപ്പെടുന്നില്ല. ഈ സാഹചര്യത്തിൽ ‘തരൂർ വിഷയ’ത്തിൽ കൂടുതൽ പരസ്യപ്രതികരണം വേണ്ടെന്നാണ് ലീഗ് തീരുമാനം. അതേസമയം, ഇക്കാര്യം മുന്നണിയിൽ ഉന്നയിക്കും.
കൂടിക്കാഴ്ചയിൽ കോൺഗ്രസിനെ ശക്തിപ്പെടുത്താൻ ശശി തരൂർ ലീഗിന്റെ പിന്തുണ തേടി. തരൂർ മുന്നോട്ടുവരണമെന്ന് ആവശ്യപ്പെട്ട നേതാക്കൾ കൈവിടാൻ അനുവദിക്കില്ലെന്ന ഉറപ്പും നൽകി. ആവശ്യമെങ്കിൽ കോൺഗ്രസ് ദേശീയ നേതൃത്വത്തെയടക്കം ബോധ്യപ്പെടുത്തുമെന്നും ലീഗ് അറിയിച്ചതായാണ് വിവരം.
ശശി തരൂർ യു.ഡി.എഫ്. നേതൃത്വത്തിലേക്ക് വരുന്നതിനെ ലീഗ് പിന്തുണയ്ക്കുന്നതിന് പ്രധാനമായും അഞ്ച് കാരണങ്ങളാണുള്ളത്.
1. രാഷ്ട്രീയസാഹചര്യങ്ങളും മുന്നണിസംവിധാനങ്ങളും മെച്ചപ്പെടുത്തിയാലേ യു.ഡി.എഫിന് തരിച്ചുവരാനാകൂ.
2. പുതിയകാല രാഷ്ട്രീയത്തിന്റെ വക്താവായ തരൂരിന് എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണയുണ്ട്.
3. മികച്ച കാമ്പയിനറായ തരൂരിനെ മുന്നിൽ നിർത്തിയാൽ കൂടുതൽ യുവാക്കളും വിദ്യാസമ്പന്നരും പിന്തുണയ്ക്കും.
4. സംഘ്പരിവാർ രാഷ്ട്രീയത്തെ സൈദ്ധാന്തികമായിത്തന്നെ എതിർക്കുന്ന തരൂർ തികഞ്ഞ മതേതരവാദിയാണ്.
5. ലീഗ് മുന്നോട്ടുവെക്കുന്ന രാഷ്ട്രീയത്തെ വിലമതിക്കുകയും ആത്മാർഥമായി പിന്തുണയ്ക്കുകയും ചെയ്യുന്നയാളാണ് തരൂർ. ഒളിയമ്പെയ്യുന്ന ശീലമില്ല.
ശശി തരൂർ നല്ലൊരു കാമ്പയിനറാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. തരൂർ ഇപ്പോൾത്തന്നെ സംസ്ഥാന രാഷ്‌ട്രീയത്തിൽ സജീവമാണ്. അദ്ദേഹത്തിന്റെ പ്രവർത്തനം തിരുവനന്തപുരത്ത് ഒതുങ്ങുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മുസ്‌ലിംലീഗ് നേതാക്കളുമായി തരൂർ കൂടിക്കാഴ്‌ച നടത്തിയശേഷമായിരുന്നു തങ്ങളുടെ പ്രതികരണം.
പി.കെ. കുഞ്ഞാലിക്കുട്ടിക്ക് പുറമേ പി.വി. അബ്ദുൽവഹാബ് എം.പി., കെ.പി.എ. മജീദ് എം.എൽ.എ., കെ.കെ. ആബിദ്ഹുസൈൻ തങ്ങൾ എം.എൽ.എ., സംസ്ഥാന ജനറൽസെക്രട്ടറി പി.എം.എ. സലാം, മുനവ്വറലി ശിഹാബ് തങ്ങൾ തുടങ്ങിയവരും തരൂരിനെ കാണാനെത്തി.
മടങ്ങുമ്പോഴാണ് തരൂർ ഡി.സി.സി. ഓഫീസിലെത്തിയത്. ഡി.സി.സി. പ്രസിഡന്റ് വി.എസ്. ജോയ്, കെ.പി.സി.സി. മുൻ സെക്രട്ടറി വി.എ. കരീം, അംഗം വി. സുധാകരൻ, വീക്ഷണം മുഹമ്മദ് തുടങ്ങിയ നേതാക്കൾ കൂടിക്കാഴ്‌ചയിൽ പങ്കെടുത്തു.
ശശി തരൂർ കേരളരാഷ്ട്രീയത്തിൽ സജീവമാകുന്നതിന്റെ ഭാഗമായി വിവിധ പരിപാടികളിൽ പങ്കെടുക്കുന്നതിൽ എതിർപ്പില്ലെങ്കിലും അത് പുതിയ ഗ്രൂപ്പ് സൃഷ്ടിക്കാനുള്ള മറയാക്കിയാൽ പാർട്ടി കനത്തവില നൽകേണ്ടിവരുമെന്ന് കേന്ദ്രനേതൃത്വത്തിന്റെ നിരീക്ഷണം.
ഗ്രൂപ്പുകൾക്കതീതമായി കേരളത്തിലെ പാർട്ടി പ്രവർത്തിച്ചുതുടങ്ങിയവേളയിൽ സമാന്തരപ്രവർത്തനം ആരുനടത്തിയാലും ദോഷംചെയ്യുമെന്ന് കോൺഗ്രസ്‌വൃത്തങ്ങൾ പറയുന്നു. നിയമസഭാതിരഞ്ഞെടുപ്പിലെ തുടർച്ചയായ രണ്ടുതോൽവികൾക്കുപിന്നാലെ പാർട്ടി തിരിച്ചുവരവിന്റെ പാതയിലുള്ളപ്പോഴാണ് പുതിയ വിവാദമെന്നതും നേതൃത്വത്തെ അസ്വസ്ഥമാക്കുന്നു. ശശി തരൂർ പങ്കെടുക്കേണ്ട കോഴിക്കോട്ടെ യൂത്ത് കോൺഗ്രസിന്റെ പരിപാടി അവസാനനിമിഷം മാറ്റിയതിലെ സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്ന എം.കെ. രാഘവൻ എം.പി.യുടെ ആവശ്യത്തിൽ തത്‌കാലം കേന്ദ്ര ഇടപെടലുണ്ടാവില്ലെന്നാണ് സൂചന. ഗുജറാത്തിലെ തിരഞ്ഞെടുപ്പിനും ഭാരത് ജോഡോ യാത്രയുടെ വിജയത്തിനും പാർട്ടിയുടെ തിരിച്ചുവരവിനുമാണ് ഇപ്പോൾ പ്രഥമ പരിഗണനയെന്നും ഇത്തരം പ്രശ്നങ്ങൾ കേരളത്തിൽത്തന്നെ പരിഹരിക്കണമെന്നും കോൺഗ്രസ് വൃത്തങ്ങൾ പറഞ്ഞു.
ജില്ലാകമ്മിറ്റികളുമായി ആലോചിച്ച് തരൂരിന് പാർട്ടിപരിപാടികളിൽ പങ്കെടുക്കാമെന്ന് കെ.പി.സി.സി. പ്രസിഡന്റ് സുധാകരൻ വ്യക്തമാക്കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ അടുത്ത അനുയായിയും യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റുമായ റിജിൽ മാക്കുറ്റിയും പരിപാടിയിൽ പങ്കെടുത്തിരുന്നു. എന്നാൽ, നേതാക്കൾ കൂട്ടത്തോടെ വിഷയത്തിൽ പരസ്യപ്രസ്താവന നടത്താൻ തുടങ്ങിയത് സുധാകരനെയും വെട്ടിലാക്കി.