കൊച്ചി: കൊച്ചി മെട്രോ ട്രാക്കിനടിയില്‍ കുടുങ്ങിയ പൂച്ചയെ രക്ഷിക്കാന്‍ മെട്രോ അധികൃതരും ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരും ചേര്‍ന്ന് ശ്രമം നടത്തുന്നു. ഇതേ തുടര്‍ന്ന് ഗതാഗതം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. ദിവസങ്ങളായി മെട്രോ ട്രാക്കില്‍ പില്ലറുകള്‍ക്കിടയില്‍ പൂച്ച കുടുങ്ങി കിടക്കുകയാണ്. ഇന്ന് രാവിലെയാണ് പൂച്ചയെ പുറത്തെടുക്കാന്‍ മെട്രോ അധികൃതര്‍ ഫയര്‍ ഫോഴ്സിന്റെ സഹായം തേടിയത്.
വൈറ്റില ജംങ്ഷന് സമീപമാണ് സംഭവം. പൂച്ചയെ സുരക്ഷിതമായി പിടികൂടി രക്ഷിക്കാനുള്ള ശ്രമമാണ് ഫയര്‍ ഫോഴ്സ് ശ്രമിക്കുന്നത്. വലിയ ക്രെയിനുകളും വലകളും എല്ലാം ഒരുക്കിയാണ് ഫയര്‍ഫോഴ്സ് പൂച്ചയെ രക്ഷിക്കാനുള്ള ശ്രമം നടത്തുന്നത്. വൈറ്റിലയില്‍ നിന്ന് കൊച്ചിയിലേക്ക് പോകുന്ന റോഡില്‍ ഗതാഗതം നിയന്ത്രിച്ചാണ് ഫയര്‍ഫോഴ്സിന്റെ രക്ഷാ പ്രവര്‍ത്തനം നടക്കുന്നത്. ഗതാഗതം നിയന്ത്രിച്ചതോടെ വാഹനങ്ങളുടെ നിര രൂപപ്പെട്ടിട്ടുണ്ട്. ഇടുങ്ങിയ പില്ലറുകള്‍ക്കിടയില്‍ അങ്ങും ഇങ്ങും ഓടി നടക്കുന്ന പൂച്ചയെ വലയിലാക്കുക എന്ന ഏറെ ശ്രമകരമായ ജോലിയാണ് ഫയര്‍ഫോഴ്സ് ഏറ്റെടുത്തിരിക്കുന്നത്.