KeralaNews

കാസര്‍ഗോഡ് പൂച്ച ചത്തത് കൊവിഡ് ബാധിച്ച്? സംശയം ശക്തിപ്പെടുന്നു

കാസര്‍ഗോഡ്: കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ നിന്ന് പിടികൂടി മൃഗസംരക്ഷണ വകുപ്പിന്റെ നിരീക്ഷണത്തിലാക്കിയ പൂച്ച ചത്തത് കൊവിഡിനെ തുടര്‍ന്നാണെന്ന സംശയം ശക്തിപ്പെടുന്നു. മനുഷ്യരില്‍ നിന്ന് മൃഗങ്ങളിലേക്ക് കൊവിഡ് പടരുമെന്ന് യുഎസില്‍ മൃഗശാലയില്‍ വസിച്ച കടുവയ്ക്ക് രോഗം സ്ഥിരീകരിച്ചതോടെ വ്യക്തമായിരുന്നു. ന്യൂയോര്‍ക്കിലെ ബ്രോങ്ക്‌സ് മൃഗശാലയിലെ പെണ്‍കടുവയ്ക്ക് രോഗബാധ ഉണ്ടായതിനെ തുടര്‍ന്ന് ഇന്ത്യയിലും മൃഗശാലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

നിശ്ചിത അകലം പാലിച്ചു മാത്രം പരിചരിക്കുന്ന മൃഗശാലയിലെ ജീവനക്കാരനില്‍ നിന്ന് മാര്‍ജാരവര്‍ഗത്തില്‍പെട്ട കടുവയ്ക്ക് രോഗബാധ ഉണ്ടാകാമെങ്കില്‍ മനുഷ്യരുമായി കൂടുതല്‍ അടുത്ത് ഇടപഴകുന്ന പൂച്ചകള്‍ക്ക് രോഗബാധ ഉണ്ടാകാനുള്ള സാധ്യത വളരെയേറെയാണെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നുണ്ട്.

ജനറല്‍ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിനകത്ത് പൂച്ചകള്‍ താവളമടിച്ച കാര്യം രോഗികള്‍ തന്നെ അധികൃതരുടെ ശ്രദ്ധയില്‍പെടുത്തുകയും സാമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിടുകയും ചെയ്തതിനു ശേഷമാണ് മൃഗസംരക്ഷണ വകുപ്പ് പട്ടിപിടിത്തക്കാരുടെ സഹായത്തോടെ പൂച്ചകളെ വലയിട്ടുപിടിച്ച് നഗരത്തിലെ എബിസി കേന്ദ്രത്തിലേക്ക് മാറ്റിയത്.

രണ്ട് കണ്ടന്‍ പൂച്ചകളും ഒരു അമ്മപ്പൂച്ചയും രണ്ട് കുഞ്ഞുങ്ങളുമാണ് ഉണ്ടായിരുന്നത്. മൃഗസംരക്ഷണവകുപ്പ് ഉദ്യോഗസ്ഥരും പട്ടിപിടിത്തക്കാരും കൊവിഡ് പ്രതിരോധവസ്ത്രം ധരിച്ചാണ് അകത്ത് പ്രവേശിച്ച് പൂച്ചകളെ പിടികൂടിയത്. അത്രയും ദിവസം യാതൊരു പ്രതിരോധവുമില്ലാതെ രോഗികള്‍ക്കൊപ്പം കഴിഞ്ഞതായതിനാല്‍ പൂച്ചകളെ പുറത്തുവിടാതെ എബിസി കേന്ദ്രത്തിലേക്കു കൊണ്ടുപോയി നിരീക്ഷണത്തിലാക്കുകയായിരുന്നു.

പിടികൂടി ഏതാനും ദിവസങ്ങള്‍ക്കകമാണ് അമ്മപ്പൂച്ച ചത്തത്. പിടികൂടുന്ന സമയത്തു തന്നെ പ്രസവത്തെ തുടര്‍ന്നുള്ള ആരോഗ്യപ്രശ്നങ്ങള്‍ ഈ പൂച്ചയ്ക്ക് ഉണ്ടായിരുന്നതായാണ് മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരുടെ നിരീക്ഷണം.

എന്നാല്‍ പ്രസവത്തെ തുടര്‍ന്നുള്ള ക്ഷീണത്തില്‍ പ്രതിരോധശേഷി ദുര്‍ബലമായ അവസ്ഥയില്‍ അമ്മപ്പൂച്ചയെ രോഗം പെട്ടെന്ന് പിടികൂടിയിരിക്കാന്‍ സാധ്യതയുണ്ടെന്ന നിരീക്ഷണമാണ് ഇപ്പോള്‍ ഉയര്‍ന്നുവരുന്നത്. കുഞ്ഞുങ്ങള്‍ക്കും രോഗം ബാധിച്ചിരിക്കാന്‍ ഇടയുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker