രാമക്ഷേത്ര ട്രസ്റ്റിനെ വിമര്‍ശിച്ച് ഫേസ്ബുക്ക് പോസ്റ്റ്; മാധ്യമപ്രവര്‍ത്തകന്‍ അടക്കം മൂന്ന് പേര്‍ക്കെതിരെ കേസെടുത്തു
ലക്‌നൗ: അയോധ്യ രാമക്ഷേത്ര ട്രസ്റ്റ് ജനറല്‍ സെക്രട്ടറിയും വിശ്വ ഹിന്ദു പരിഷത് നേതാവുമായ ചമ്പത് റായിയെ വിമര്‍ശിച്ച് ഫേസ്ബുക്കില്‍ പോസ്റ്റ് പങ്കുവച്ച മൂന്ന് പേര്‍ക്കെതിരെ കേസെടുത്ത് ഉത്തര്‍പ്രദേശ് പോലീസ്. മാധ്യമപ്രവര്‍ത്തകന്‍ വിനീത് നരേന്‍ അടക്കം മൂന്ന് പേര്‍ക്കെതിരെയാണ് കേസടുത്തിരിക്കുന്നത്. ചമ്പത്ത് റായുടെ സഹോദരന്‍ സഞ്ജയ് ബന്‍സാല്‍ നല്‍കിയ പരാതിയിലാണ് പോലീസ് കേസെടുത്തത്.
രാമക്ഷേത്രവുമായി ബന്ധപ്പെട്ട ഭൂമി കുംഭകോണത്തില്‍ ചമ്പത്ത് റായ്ക്ക് പങ്കുണ്ടെന്നായിരുന്നു വിനീത് നരേന്‍ ഫേസ്ബുക്കില്‍ പങ്കുവച്ചത്. എന്നാല്‍, തനിക്കും സഹോദരനും പൊലീസ് ക്ലീന്‍ ചിറ്റ് നല്‍കിയിട്ടുണ്ടെന്ന് സഞ്ജയ് പറയുന്നു. ചോദ്യം ചെയ്യാനായി വിളിച്ചിരുന്നെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഇതേ തുടര്‍ന്നാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 14 വകുപ്പുകളും ഐടി ആക്ടിലെ രണ്ട് വകുപ്പുകളുമാണ് വിനീതിനും മറ്റ് രണ്ട് പേര്‍ക്കുമെതിരെ ചുമത്തിയിരിക്കുന്നത്.
അയോദ്ധ്യ രാമക്ഷേത്ര വികസനത്തിനായി ഭൂമി വാങ്ങിയതില്‍ തട്ടിപ്പ് നടന്നെന്ന ആരോപണവുമായി സമാജ് വാദി പാര്‍ട്ടിയും ആം ആദ്മി പാര്‍ട്ടിയുമാണ് ആരോപണം ഉയര്‍ത്തിയത്. ഭൂമി ഇടപാടില്‍ 16.5 കോടിയുടെ തട്ടിപ്പ് നടന്നെന്നാണ് ആരോപണം. സംഭവത്തില്‍ സിബിഐ അന്വേഷണം വേണമെന്നാണ് ഇരു പാര്‍ട്ടികളുടെയും ആവശ്യം.