പതിനേഴുകാരനെ വിവാഹം കഴിച്ച നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയായ യുവതിക്കെതിരെ പോലീസ് കേസെടുത്തു
ബംഗളൂരു: പതിനേഴു വയസുകാരനെ വിവാഹം കഴിച്ച നഴ്‌സിങ് വിദ്യാര്‍ഥിനിയായ യുവതിക്കെതിരേ പോലീസ് കേസെടുത്തു. ബംഗളൂരു സ്വദേശിനിയും മടിക്കേരിയില്‍ നഴ്‌സിങ് വിദ്യാര്‍ഥിനിയുമായ 20 വയസുകാരിക്കെതിരെയാണ് ചിക്കമംഗളൂരു പോലീസ് കേസെടുത്തിരിക്കുന്നത്. ശൈശവ വിവാഹ നിരോധന നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തതിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം, ഇരുവരുടെയും വിവാഹം നടത്തിക്കൊടുത്ത 17കാരന്റെ ബന്ധുക്കള്‍ക്കെതിരേയും പോലീസ് കേസെടുത്തിട്ടുണ്ട്. ജൂണ്‍ 20നാണ് ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട ചിക്കമംഗളൂരു സ്വദേശിയായ 17കാരനും യുവതിയും തമ്മിലുള്ള വിവാഹം നടന്നത്.
വീട്ടുകാരുടെ എതിര്‍പ്പ് മറികടന്നാണ് യുവതി വിവാഹത്തിന് തയ്യാറായത്. ചിക്കമംഗളൂരില്‍ എത്തിയ യുവതിയെ ഗ്രാമത്തിലെ ഒരു ക്ഷേത്രത്തില്‍ എത്തിച്ച് 17 കാരന്റെ ബന്ധുക്കളുടെ സാന്നിധ്യത്തില്‍ വിവാഹം നടത്തുകയായിരുന്നു. എന്നാല്‍, വിവാഹവാര്‍ത്ത നാട്ടില്‍ പരന്നതോടെ ഗ്രാമവാസികളിലൊരാള്‍ ചൈല്‍ഡ് ലൈനില്‍ വിവരമറിയിച്ചു.
തുടര്‍ന്ന് ചൈല്‍ഡ് വെല്‍ഫയര്‍ അധികൃതര്‍ ഗ്രാമത്തിലെത്തി അന്വേഷണം നടത്തുകയും വരന് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് കണ്ടെത്തുകയുമായിരുന്നു. തുടര്‍ന്നാണ് ചിക്കമംഗളൂരു പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. അതേസമയം, തനിക്ക് 21 വയസ്സായെന്ന് 17കാരന്‍ യുവതിയെ തെറ്റിദ്ധരിപ്പിച്ചിരുന്നതയാണ് റിപ്പോര്‍ട്ട്. വിവാഹശേഷം ഇരുവരും രണ്ടിടങ്ങളിലായാണ് താമസിക്കുന്നതെന്നും ചിക്കമംഗളൂരു എസ്.പി. ഹഖായ് അക്ഷയ് മച്ഛീന്ദ്ര പറഞ്ഞു.