തിരുവനന്തപുരം: സാമൂഹ്യ മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചാല്‍ ഇനി ഉടന്‍ പിടി വീഴും. പോലീസ് ആക്ട് ഭേദഗതിക്ക് മന്ത്രിസഭ അംഗീകാരം നല്‍കി. സോഷ്യല്‍ മീഡിയയിലൂടെയുള്ള അധിക്ഷേപങ്ങള്‍ക്കെതിരെ നടപടി എടുക്കാന്‍ പോലീസ് ആക്ടില്‍ വകുപ്പില്ലെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം.
2011ലെ പോലീസ്ആക്ട് ഭേദഗതി ചെയ്യാനാണ് തീരുമാനം. 118 A വകുപ്പ് കൂട്ടിച്ചേര്‍ക്കാനാണ് ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നത്. സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള ഭീഷണിപ്പെടുത്തല്‍, അധിക്ഷേപിക്കല്‍, ഇവ പ്രസിദ്ധീകരിക്കല്‍ പ്രചരിപ്പിക്കല്‍ എന്നിവ ഇനി കുറ്റകൃത്യമാകും. ഇത് സംബന്ധിച്ച് പൊലീസിന് കേസെടുക്കാന്‍ അധികാരം ലഭിക്കും. 2020 ഐടി ആക്ടിലെ 66 A, 2011 പൊലീസ് ആക്ടിലെ 118 എന്നിവ സുപ്രീം കോടതി റദ്ദ് ചെയ്തിരുന്നു. ഇതോടെ സമൂഹ മാധ്യമങ്ങളിലൂടെയുള്ള കുറ്റകൃത്യം തടയാന്‍ നിയമം ദുര്‍ബലം എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ തീരുമാനം.
നേരത്തെ മലയാള സിനിമാ ഡബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ അശ്ലീല പ്രചാരണം വന്നത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരിന്നു. സോഷ്യല്‍ മീഡിയയിലൂടെയുള്ള അധിക്ഷേപങ്ങളില്‍ നടപടിയെടുക്കാന്‍ പോലീസ് ആക്ടില്‍ വകുപ്പില്ലെന്ന അധികാരികളുടെ നിലപാട് വലിയ വിമര്‍ശനത്തിന് വഴിവച്ചിരുന്നു. പരാതിക്ക് നടപടിയില്ലെന്ന് കാണിച്ച് സൈബര്‍ ആക്രമണത്തിന് ഇരയായവരും രംഗത്തെത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് പുതിയ ഭേദഗതി.