ജാമിയ മിലിയ സംഘര്‍ഷം,സംസ്ഥാനത്തും വ്യാപക പ്രതിഷേധം,കേന്ദ്രസര്‍ക്കാര്‍ സ്ഥാനപനങ്ങള്‍ക്കുമുന്നില്‍ സമര വേലിയേറ്റം
തിരുവനന്തപുരം : പൗരത്വ ഭേദഗതിക്കെതിരെ പ്രതിഷേധിച്ച ജാമിയ മിലിയയിലുണ്ടായ ആക്രമണങ്ങള്‍ക്കെതിരെ സംസ്ഥാനത്ത് ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ പ്രതിഷേധം. തിരുവനന്തപുരത്ത് രാജ് ഭവനിലേക്ക് ഡിവൈഎഫ്‌ഐയുടെ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു.
രാജ്ഭവനിലേക്ക് നടന്ന പ്രതിഷേധം ചെറിയ സംഘര്‍ഷത്തിലേക്ക് നയിച്ചു. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. കോഴിക്കോട് നഗരത്തില്‍ ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തില്‍ മലബാര്‍ എക്‌സ്പ്രസ് ട്രെയിന്‍ അരമണിക്കൂര്‍ തടഞ്ഞു. ജില്ലാ സെക്രട്ടറി വസീഫിന്റെ നേതൃത്വത്തില്‍ മലബാര്‍ എക്‌സ്പ്രസാണ് തടഞ്ഞത്. ഇതേത്തുടര്‍ന്ന് ട്രെയിന്‍ വൈകിയാണ് ഓടുന്നത്.
ഫ്രറ്റേണിറ്റി പ്രവര്‍ത്തകര്‍ കോഴിക്കോട് ആകാശവാണി ഓഫീസിലേക്ക് തള്ളിക്കയറുകയും ഉപരോധിക്കുകയും ചെയ്തു. പൊലീസ് വന്ന് സംസാരിച്ചതിന് ശേഷമാണ് പ്രവര്‍ത്തകര്‍ പിരിഞ്ഞുപോയത്.
വൈകിട്ട് നാല് മണിയോടെയാണ് ജാമിയ മിലിയ സര്‍വകലാശാലയ്ക്ക് സമീപം സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിനെതിരെ നാട്ടുകാരും ചില സംഘങ്ങളും സംഘടിച്ചതോടെ അക്രമം പടരുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ജാമിയ നഗറും മധുര ദേശീയ പാതയും മണിക്കൂറുകളോളം യുദ്ധക്കളമായി.
ഡല്‍ഹി ട്രാന്‍സ്‌പോര്‍ട്ട് ബസുകളും സ്വകാര്യ വാഹനങ്ങളും അഗ്നിക്കിരയായി. അതിനിടെ പൊലീസുകാര്‍ ബസ് കത്തിച്ചുവെന്ന മട്ടിലുള്ള ദൃശ്യങ്ങള്‍ പുറത്തുവന്നു. ജാമിയ മിലിയ ക്യാമ്പസിലേക്ക് പൊലീസ് ഇരച്ചുകയറിയെന്ന് വിദ്യാര്‍ത്ഥികള്‍ പരാതിപ്പെട്ടു. ലൈബ്രറിയിലും ഹോസ്റ്റലിലും പൊലീസ് അതിക്രമം കാട്ടിയെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു.
സംഘര്‍ഷത്തില്‍ പങ്കില്ലെന്നാണ് വിദ്യാര്‍ത്ഥികളുടെ വിശദീകരണം. ജാമിയ മില്ലിയ സര്‍വകലാശലയ്ക്ക് പുറത്ത് പ്രതിഷേധം നടത്തിയ പ്രദേശവാസികളാണ് അക്രമം നടത്തിയതെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. സമാധാനപരമായി സമരം നടത്തുന്നതിനിടെ വിദ്യാര്‍ത്ഥികളല്ലാത്തവര്‍ അക്രമം നടത്തുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
അതിനിടെ ജാമിയക്ക് പിന്നാലെ അലിഗഢ് സര്‍വകലാശാലയിലും വന്‍ സംഘര്‍ഷമാണ് അരങ്ങേറിയത്. സര്‍വകലാശാലയ്ക്ക് പുറത്തുള്ള ബാബ് – എ – സയ്യിദ് ഗേറ്റിന് സമീപത്ത് വിദ്യാര്‍ത്ഥികളും പൊലീസും ഏറ്റുമുട്ടി. പൊലീസ് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ കണ്ണീര്‍ വാതക ഷെല്ലുകള്‍ പ്രയോഗിച്ചു. വിദ്യാര്‍ത്ഥികള്‍ തിരികെ കല്ലെറിഞ്ഞെന്നാണ് പൊലീസ് ആരോപിക്കുന്നത്. സംഘര്‍ഷത്തെത്തുടര്‍ന്ന് സര്‍വകലാശാല അടുത്ത മാസം അഞ്ചാം തീയതി വരെ അടച്ചിട്ടു.