കൊല്‍ക്കത്ത: പൗരത്വ നിയമ ഭേദഗതി (സി.എ.എ.) ഏഴ് ദിവസത്തിനകം രാജ്യവ്യാപകമായി നടപ്പാക്കുമെന്ന പ്രഖ്യാപനവുമായി കേന്ദ്രമന്ത്രി ശന്തനു ഠാക്കൂര്‍. പശ്ചിമ ബംഗാളിലെ 24 പര്‍ഗനാസില്‍ ഞായറാഴ്ച നടന്ന പൊതുപരിപാടിക്കിടെയാണ് കേന്ദ്രമന്ത്രി വന്‍ പ്രഖ്യാപനം നടത്തിയതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. അയോധ്യയില്‍ രാമക്ഷേത്രം ഉദ്ഘാടനം ചെയ്തുകഴിഞ്ഞു. ഏഴ് ദിവസത്തിനകം സി.എ.എ. നടപ്പാക്കും. ഇത് എന്റെ ഗ്യാരന്റിയാണ്. പശ്ചിമ ബംഗാളില്‍ മാത്രമല്ല, എല്ലാ സംസ്ഥാനങ്ങളിലും സി.എ.എ ഒരാഴ്ചയ്ക്കകം പ്രാബല്യത്തില്‍വരും – കേന്ദ്രമന്ത്രി പറഞ്ഞു.
ബംഗ്ലാദേശ്, പാകിസ്താന്‍, അഫ്ഗാനിസ്താന്‍ എന്നീ രാജ്യങ്ങളില്‍നിന്ന് 2014 ഡിസംബര്‍ 31-നകം ഇന്ത്യയിലെത്തിയ ഹിന്ദു, സിഖ്, ജെയിന്‍, പാഴ്‌സി, ക്രിസ്ത്യന്‍, ബുദ്ധമതക്കാര്‍ എന്നിവര്‍ക്ക് പൗരത്വം അനുവദിക്കാന്‍ വ്യവസ്ഥചെയ്യുന്നതാണ് മോദി സര്‍ക്കാരിന്റെ പൗരത്വ നിയമ ഭേദഗതി.
2019 ഡിസംബറില്‍ നിയമ ഭേദഗതി പാര്‍ലമെന്റ് പാസാക്കിയതിന് പിന്നാലെ രാജ്യത്ത് വന്‍ പ്രതിഷേധങ്ങള്‍ അരങ്ങേറിയിരുന്നു. സി.എ.എ. രാജ്യത്ത് നടപ്പാക്കുന്നതിനെ ആര്‍ക്കും തടയാനാകില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞിരുന്നു. വിഷയത്തില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ അദ്ദേഹം വിമര്‍ശിക്കുകയും ചെയ്തിരുന്നു. സി.എ.എയ്‌ക്കെതിരായ പ്രതിഷേധങ്ങളില്‍ നിരവധി പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. 2019 ഡിസംബറില്‍ ആണ് പൗരത്വനിയമ ഭേദഗതി ലോക്‌സഭാ പാസാക്കിയത്. 2020 ജനുവരി 10-ന് നിയമം നിലവില്‍ വന്നുവെങ്കിലും ചട്ടങ്ങള്‍ രൂപീകരിക്കാത്തതിനാല്‍ നടപ്പാക്കിയിരുന്നില്ല.