പാലക്കാട്: നോവലെഴുത്ത് അവസാനിപ്പിക്കുകയാണെന്ന് പ്രശസ്ത സാഹിത്യകാരന്‍ സി. രാധാകൃഷ്ണന്‍. തീക്ഷ്ണമായ രീതിയില്‍ തപിപ്പിക്കുന്ന ഒരു നോവല്‍ എഴുതാനുള്ള ഊര്‍ജവും ജൈവചൈതന്യവും ഇല്ലാതാകുന്നതായി തോന്നുന്നുവെന്നും ഇപ്പോള്‍ എഴുതുന്ന നോവല്‍ പൂര്‍ത്തിയായാല്‍ പുതിയൊരു നോവല്‍ എഴുതില്ലെന്നുമാണ് സി രാധാകൃഷ്ണന്റെ വെളിപ്പെടുത്തല്‍. ഇനി കുട്ടികള്‍ക്കുള്ള കൃതികളും ചെറിയ കൃതികളും മാത്രമേ എഴുതുകയുള്ളൂ. ഇപ്പോള്‍ എഴുതുന്ന നോവല്‍ ഏതാണ്ട് തീരാറാവുകയാണെന്നും അദ്ദേഹം പറഞ്ഞു.
വി ടി വാസുദേവന്റെ ‘സഹശയനം’ എന്ന പുസ്തകപ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അഗ്നി, പുഷ്യരാഗം, കനലാട്ടം, ഒറ്റയടിപ്പാതകള്‍ തുടങ്ങിയ സിനിമകള്‍ സംവിധാനം ചെയ്തിട്ടുള്ള അദ്ദേഹം നിരവധി ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കിയിട്ടുണ്ട്. പുഴ മുതല്‍ പുഴ വരെ, എല്ലാം മായ്ക്കുന്ന കടല്‍, പുള്ളിപ്പുലികളും വെള്ളിനക്ഷത്രങ്ങളും, സ്പന്ദമാപിനികളേ നന്ദി, ഇവിടെ എല്ലാവര്‍ക്കും സുഖം തന്നെ, മുന്‍പേ പറക്കുന്ന പക്ഷികള്‍, കരള്‍ പിളരും കാലം, ഇനിയൊരു നിറകണ്‍ചിരി തുടങ്ങിയ നോവലുകള്‍ സി രാധാകൃഷ്ണന്റേതാണ്.