മുംബൈ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ശേഷിക്കുന്ന രണ്ട് ടി20 മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമില്‍ പേസര്‍ മുഹമ്മദ് സിറാജിനെ ഉള്‍പ്പെടുത്തി. പരിക്കേറ്റ ജസ്പ്രിത് ബുമ്രയ്ക്ക് പകരമാണ് സിറാജ് വരുന്നത്. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0ത്തിന് മുന്നിലാണ്. ഞായറാഴ്ച്ച ഗുവാഹത്തിയിലാണ് രണ്ടാം മത്സരം.
കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന ആദ്യ മത്സരത്തില്‍ ഇന്ത്യ എട്ട് വിക്കറ്റിന് ജയിച്ചിരുന്നു. ഈ മത്സരത്തില്‍ ബുമ്ര കളിച്ചിരുന്നില്ല. യഥാര്‍ത്ഥത്തില്‍ ബുമ്ര, ഓസ്‌ട്രേലിയക്കെതിരെ അവസാന ടി20 കളിച്ചശേഷം ഇന്ത്യന്‍ ടീമിനൊപ്പം തിരുവനന്തപുരത്തേക്ക് വന്നിരുന്നില്ല.
കഴിഞ്ഞ ദിവസം ബുമ്രയ്ക്ക് ലോകകപ്പ് മത്സരങ്ങള്‍ നഷ്ടമാവുമെന്ന് വാര്‍ത്തകള്‍ പുറത്തുവന്നു. ആറ് മാസത്തോളം ബുമ്രയ്ക്ക് പുറത്തിരിക്കേണ്ടി വരുമെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. പരിശീലനത്തിനിടെ നടുവേദന അനുഭവപ്പെട്ടതോടെയാണ് താരത്തെ കൂടുതല്‍ പരിശോധനയ്ക്ക് വിധേയനാക്കിയത്. അടുത്ത മാസം 16ന് ഓസ്‌ട്രേലിയയില്‍ തുടങ്ങുന്ന ടി20 ലോകകപ്പില്‍ 23ന് പാക്കിസ്ഥാനെതിരെ ആണ് ഇന്ത്യയുടെ ആദ്യ മത്സരം.
ജൂലൈയില്‍ ഇംഗ്ലണ്ടിനെിരായ പരമ്പരക്കിടെ നടുവിന് പരിക്കേറ്റ ബുമ്ര രണ്ട് മാസത്ത വിശ്രമത്തിനുശേഷം കഴിഞ്ഞ ആഴ്ച നടന്ന ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയിലൂടെയാണ് മത്സര ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയത്. ഓസീസിനെതിരായ പരമ്പരയിലെ രണ്ടാം മത്സരത്തിലും മൂന്നാം മത്സരത്തിലും ബുമ്ര കളിച്ചിരുന്നു.
ഏഷ്യാ കപ്പിനിടെ പരിക്കേറ്റ ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജക്ക് പിന്നാല ജസ്പ്രീത് ബുമ്രയും പരിക്കിനെത്തുടര്‍ന്ന് പിന്‍മാറുന്നത് ഇന്ത്യയുടെ ലോകകപ്പ് പ്രതീക്ഷകള്‍ക്ക് കനത്ത തിരിച്ചടിയാണ്. ഏഷ്യാ കപ്പിലും ഓസീസിനെതിരായ ടി20 പരമ്പരയിലും ഡെത്ത് ബൗളിംഗില്‍ നിറം മങ്ങുന്ന ഇന്ത്യന്‍ പേസ് നിരക്ക് ബുമ്രയുടെ മടങ്ങിവരവ് ലോകകപ്പില്‍ ആശ്വാസകരമാകുമെന്ന് കരുതിയിരിക്കെയാണ് വീണ്ടും പരിക്കേല്‍ക്കുന്നത്. എന്നാലത് തിരിച്ചടിയായി.
ബുമ്രയ്ക്ക് പകരം ലോകകപ്പ് ടീമില്‍ ആരെ ഉള്‍പ്പെടുത്തുമെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. സ്റ്റാന്‍ഡ് ബൈ താരങ്ങളായി മുഹമ്മദ് ഷമി, ദീപക് ചാഹര്‍ എന്നിവര്‍ ടീമിലുണ്ട്. ഇവരില്‍ ഒരാള്‍ ടീമിലെത്തിയേക്കും.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ അവസാന രണ്ട് ടി20 മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്, ദിനേശ് കാര്‍ത്തിക്, ആര്‍ അശ്വിന്‍, യൂസ്‌വേന്ദ്ര ചാഹല്‍, അക്‌സര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിംഗ്, ഹര്‍ഷല്‍ പട്ടേല്‍, ദീപക് ചാഹര്‍, ഉമേഷ് യാദവ്, ശ്രേയസ് അയ്യര്‍, ഷബ്ഹാസ് അഹമ്മദ്, മുഹമ്മദ് സിറാജ്.