ന്യൂഡല്‍ഹി: രാജ്യത്തിന് നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ പ്രതീക്ഷിച്ച വളര്‍ച്ച കൈവരിക്കാനായില്ലെന്ന് സാമ്പത്തിക സര്‍വെ. നടപ്പ് സാമ്പത്തിക വര്‍ഷം അഞ്ച് ശതമാനം വളര്‍ച്ച മാത്രമാണ് കൈവരിക്കാനായതെന്നും എന്നാല്‍ 2021 വര്‍ഷത്തില്‍ ആറു മുതല്‍ 6.5 ശതമാനംവരെ വളര്‍ച്ച കൈവരിക്കാനാവുമെന്നും പാര്‍ലമെന്റിലെ ബജറ്റ് സമ്മേളനത്തില്‍ ലോക്‌സഭയില്‍വച്ച സാമ്പത്തിക സര്‍വേ പറയുന്നു. കഴിഞ്ഞ വര്‍ഷം നടപ്പു വര്‍ഷത്തില്‍ ഏഴ് ശതമാനം വളര്‍ച്ച കൈവരിക്കുമെന്നാണ് പ്രവചിച്ചത്. എന്നാല്‍ ഇതിന് വിപരീതമായി രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച താഴേയ്ക്കു പതിക്കുകയാണ് ഉണ്ടായത്.
ധനകമ്മി കുറച്ചാല്‍ മാത്രമേ രാജ്യത്ത് വളര്‍ച്ചയുണ്ടാകുവെന്ന് സാമ്പത്തിക സര്‍വേ വ്യക്തമാക്കുന്നു. ഉപഭോഗം വര്‍ധിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ആഗോളസാമ്പത്തിക രംഗത്ത് ഉണ്ടാകുന്ന സംഭവങ്ങള്‍ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥക്ക് ഗുണകരമാവുമെന്നും സാമ്പത്തിക സര്‍വേയില്‍ പറയുന്നു. മുതിര്‍ന്ന സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് കൃഷ്ണമൂര്‍ത്തിയാണ് സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് തയാറാക്കിയത്.