ബ്രൗണ്‍ ബ്രീഫ്‌കേസില്ല, പകരം ചുവന്ന തുണി സഞ്ചി; കന്നി ബജറ്റില്‍ കീഴ്‌വഴക്കങ്ങള്‍ തെറ്റിച്ച് നിര്‍മലാ സീതാരാമന്‍
ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി നിര്‍മലാ സീതാരാമന്‍ കന്നി ബജറ്റ് അവതരണത്തിന് എത്തിയത് കീഴ്വഴക്കങ്ങള്‍ തെറ്റിച്ച്. പതിവുപോലെ കേന്ദ്ര ധനമന്ത്രിമാര്‍ കൈയില്‍ കരുതാറുള്ള ബ്രൗണ്‍ ബ്രീഫ്കേസിന് പകരം ചുവന്ന നാലുമടക്കുള്ള തുണിസഞ്ചിയില്‍ ബജറ്റ് നിര്‍ദേശങ്ങളുമായാണ് നിര്‍മലയെത്തിയത്. രാവിലെ എട്ടേകാലോടെ ധനമന്ത്രാലയത്തിലെത്തിയ നിര്‍മല സഹമന്ത്രിമാരുമായും ധനവകുപ്പ് ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തി. തുടര്‍ന്ന് ബജറ്റുമായി നിര്‍മല രാഷ്ട്രപതി രാംനാഥ് കോവിന്ദിനെക്കണ്ടു.
രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റാണിത്. നിര്‍മലയുടേയും ആദ്യ ബജറ്റാണ്. 11-നാണ് ബജറ്റവതരണം. നികുതിഘടനയില്‍ മാറ്റം പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ടെന്നാണു കരുതപ്പെടുന്നത്. കാര്‍ഷിക-തൊഴില്‍ മേഖലയെ ഊന്നിയായിരിക്കും ബജറ്റെന്നാണ് സാമ്പത്തികവിദഗ്ധരുടെ വിലയിരുത്തല്‍. സാമ്പത്തിക പ്രതിസന്ധി നേരിടാന്‍ കൂടുതല്‍ ഇളവുകള്‍ അനുവദിക്കണമെന്നാണ് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്.