മുംബൈ: ഉപഭോക്താക്കളെ ഓഫറുകള്‍ കാട്ടി മാടിവിളിക്കുന്ന ബിഎസ്എന്‍എല്ലില്‍ നിന്ന് മറ്റൊരു ശ്രദ്ധേയമായ റീച്ചാര്‍ജ് പ്ലാന്‍ കൂടി. വെറും 277 രൂപ നല്‍കിയാല്‍ 60 ദിവസത്തേക്ക് 120 ജിബി ഡാറ്റയാണ് ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡിന്‍റെ വാഗ്ദാനം.
ക്രിസ്‌തുമസ്, പുതുവത്സ ഫെസ്റ്റിവല്‍ സീസണ്‍ പ്രമാണിച്ച് വമ്പന്‍ ഓഫര്‍ പ്രഖ്യാപിച്ചിരിക്കുകയാണ് പൊതുമേഖല ടെലികോം ഓപ്പറേറ്റര്‍മാരായ ബിഎസ്എന്‍എല്‍. റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ (വിഐ) എന്നീ സ്വകാര്യ ഭീമന്‍മാരെ വെല്ലുവിളിക്കുന്ന റീച്ചാര്‍ജ് പ്ലാനാണ് ബിഎസ്എന്‍എല്‍ അവതരിപ്പിച്ചിരിക്കുന്നത്.
277 രൂപ മുടക്കിയാല്‍ 60 ദിവസം വാലിഡിറ്റിയില്‍ ആകെ 120 ജിബി ഡാറ്റ ബിഎസ്എന്‍എല്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കും. അതായത് ദിവസം രണ്ട് ജിബി ഡാറ്റ ലഭിക്കുമെന്ന് ചുരുക്കം. ഈ ഫെസ്റ്റിവല്‍ കാലത്ത് ‘കൂടുതല്‍ ഡാറ്റ, കൂടുതല്‍ ഫണ്‍’ എന്ന ആപ്തവാക്യവുമായാണ് ഈ പരിമിതകാല ഓഫര്‍ ബിഎസ്എന്‍എല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 120 ജിബി ഡാറ്റ പരിധി കഴിഞ്ഞാല്‍ ഇന്‍റര്‍നെറ്റിന്‍റെ വേഗം 40 കെബിപിഎസ് ആയി കുറയും. 2025 ജനുവരി 16 വരെയാണ് ഈ ഓഫര്‍ റീച്ചാര്‍ജ് ചെയ്യാനാവുക.
അതേസമയം ഇന്‍റര്‍നെറ്റ് വേഗക്കുറവിനെ കുറിച്ച് ബിഎസ്എന്‍എല്‍ ഉപഭോക്താക്കള്‍ക്ക് ഇപ്പോഴും പരാതികള്‍ സജീവം. എന്നാല്‍ ഇത് പരിഹരിക്കാന്‍ 4ജി വിന്യാസവുമായി മുന്നോട്ടുപോവുകയാണ് ബിഎസ്എന്‍എല്‍. ഇതിനകം 60,000ത്തിലേറെ 4ജി ടവറുകള്‍ ബിഎസ്എന്‍എല്‍ സ്ഥാപിച്ചുകഴിഞ്ഞു.