NationalNews

ബിഹാറില്‍ വീണ്ടും പാലം തകര്‍ന്ന് വീണു; രണ്ടാഴ്ചയ്ക്കിടെ ഏഴാമത്തെ അപകടം

പാട്‌ന: ബിഹാറില്‍ വീണ്ടും പാലം തകര്‍ന്ന് വീണ് അപകടം. സിവാന്‍ ജില്ലയിലെ ഗണ്ഡകി നദിക്ക് കുറുകെയുള്ള പാലത്തിന്റെ ഒരു ഭാഗം ബുധനാഴ്ച രാവിലെ തകര്‍ന്നു വീണു. ജില്ലയിലെ ഡിയോറിയ ബ്ലോക്കില്‍ സ്ഥിതി ചെയ്യുന്ന ഈ ചെറിയ പാലം നിരവധി ഗ്രാമങ്ങളെ മഹരാജ് ഗഞ്ചുമായി ബന്ധിപ്പിക്കുന്നതാണ്. ഇതുവരെ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇന്ന് രണ്ട് പാലങ്ങളാണ് സംസ്ഥാനത്ത് തകര്‍ന്നത്.

കഴിഞ്ഞ 11 ദിവസത്തിനിടെ സിവാനില്‍ രണ്ടാം തവണയാണ് പാലം തകരുന്നത്. അതേസമയം കഴിഞ്ഞ 15 ദിവസത്തിന് ഉള്ളില്‍ സംസ്ഥാനത്ത് ഏഴാമത്തെ തവണയാണ് പാലം തകരുന്നത്. അപകടത്തിന്റെ കൃത്യമായ കാരണം അന്വേഷിച്ച് വരികയാണ് എന്ന് ഡെപ്യൂട്ടി ഡെവലപ്മെന്റ് കമ്മീഷണര്‍ മുകേഷ് കുമാര്‍ പറഞ്ഞു. ബ്ലോക്കിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഇതിനകം സംഭവം സ്ഥലം സന്ദര്‍ശിച്ചു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ന് രാവിലെ പുലര്‍ച്ചെ 5 മണിയോടെ ആണ് സംഭവം. 1982 – 83 ല്‍ കാലയളവില്‍ നിര്‍മിച്ച പാലമാണ് തകര്‍ന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പാലത്തിന്റെ അറ്റകുറ്റപ്പണികള്‍ നടന്നിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത കനത്ത മഴയാണ് തകര്‍ച്ചയ്ക്ക് കാരണമായത് എന്നും ഗണ്ഡകി നദിയിലെ വെള്ളത്തിന്റെ കുതിച്ചുചാട്ടം പാലത്തിന്റെ ഘടനയെ ദുര്‍ബലപ്പെടുത്താന്‍ സാധ്യതയുണ്ട് എന്നും ഗ്രാമവാസികള്‍ അഭിപ്രായപ്പെടുന്നു.

ബീഹാറിലെ അടിസ്ഥാന സൗകര്യങ്ങളുടെ അവസ്ഥയെ കുറിച്ചുള്ള വര്‍ധിച്ച് വരുന്ന ആശങ്കകളാണ് തുടര്‍ച്ചയായുള്ള പാലം തകര്‍ച്ചയില്‍ നിന്ന് വെളിവാകുന്നത്. ജൂണ്‍ 22 ന് ദരൗണ്ട മേഖലയില്‍ പാലത്തിന്റെ ഒരു ഭാഗം തകര്‍ന്നിരുന്നു. മധുബനി, അരാരിയ, ഈസ്റ്റ് ചമ്പാരന്‍, കിഷന്‍ ഗഞ്ച് തുടങ്ങിയ ജില്ലകളിലും സമാനമായ സംഭവങ്ങള്‍ അടുത്തിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

തകര്‍ന്ന രണ്ട് പാലങ്ങളില്‍ ഒന്ന് 1998 ല്‍ അന്നത്തെ എം പി പ്രഭുനാഥ് സിംഗിന്റെ ഫണ്ടില്‍ നിന്ന് ആറ് ലക്ഷം രൂപ മുടക്കി നിര്‍മിച്ചതാണെന്നാണ് പറയപ്പെടുന്നത്. 2004 ല്‍ ഇതേ ഫണ്ടില്‍ നിന്ന് 10 ലക്ഷം രൂപ ചെലവഴിച്ചാണ് മറ്റൊരു പാലം നിര്‍മിച്ചത്. അതിന് ശേഷം രണ്ട് പാലങ്ങളും അറ്റകുറ്റപ്പണികള്‍ നടത്തിയിട്ടില്ല. ഈ സംഭവങ്ങളെ കുറിച്ച് അന്വേഷിക്കാന്‍ ഒരു ഉന്നത തല സമിതിയെ ബീഹാര്‍ സര്‍ക്കാര്‍ രൂപീകരിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button