നടുറോഡില്‍ വെച്ച് അപമാനിക്കാന്‍ ശ്രമിച്ച യുവാവിനെ പഞ്ഞിക്കിട്ട് വനിതാ ബോക്‌സര്‍; വീഡിയോ വൈറല്‍
ലഖ്നൗ: നടുറോഡില്‍ വെച്ച് കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച യുവാവിനെ കൈകാര്യം ചെയ്ത് വനിതാ ബോക്‌സറായ യുവതി. ഉത്തര്‍പ്രദേശിലെ മുസഫര്‍ നഗറിലാണ് സംഭവം. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
പതിനെട്ടു വയസുകാരിയും വിദ്യാര്‍ത്ഥിനിയുമായ നിഷ പര്‍വീണ്‍ എന്ന പെണ്‍കുട്ടിയാണ് അക്രമിയെ നേരിട്ടതെന്നാണ് വീഡിയോ പുറത്തുവന്നതിനു പിന്നാലെയുള്ള റിപ്പോര്‍ട്ടുകള്‍.
പൊതുമധ്യത്തില്‍ വെച്ച് യുവാവിനെ അടിച്ചൊതുക്കുന്ന പെണ്‍കുട്ടി യുവാവിന്റെ ടീ ഷര്‍ട്ടില്‍ കുത്തിപ്പിടിക്കുകയും മര്‍ദ്ദിക്കുകയും ചെയ്യുന്നത് വീഡിയോയില്‍ കാണാം.
അമ്മയുമായി ആശുപത്രിയിലെത്തിയപ്പോഴാണ് നിഷയെ യുവാവ് അപമാനിക്കാന്‍ ശ്രമിച്ചത്. നിഷയുടെ മര്‍ദ്ദനത്തില്‍ നിന്ന് രക്ഷപ്പെട്ട് ഓടിപ്പോകാന്‍ യുവാവ് ശ്രമിക്കുന്നുണ്ടെങ്കിലും പിന്തുടര്‍ന്ന് നേരിടുകയായിരുന്ന നിഷ. ഇയാള്‍ നിലത്തുവീഴുകയും മുറിവേല്‍ക്കുകയും ചെയ്തിട്ടുണ്ട്.