BusinessCrimeKeralaNews

ഫേസ്ബുക്കിലും യൂട്യൂബിലും ഇന്‍സ്റ്റഗ്രാമിലും ലൈക്കടിച്ചാല്‍ വന്‍ വരുമാനം,ബോവിനി ആപ് തട്ടിയത് ലക്ഷങ്ങൾ

തിരുവനന്തപുരം: ലോക്ഡൗണ്‍ സമയത്ത് വെറുതെ വീട്ടിലിരുന്ന മലയാളിയെക്കൊണ്ട് ബോവിനി എന്ന ആപ് ലൈക്കടിപ്പിച്ച് തട്ടിയത് ലക്ഷങ്ങള്‍. ഫേസ്ബുക്കിലും യൂട്യൂബിലും ഇന്‍സ്റ്റഗ്രാമിലും ലൈക്കടിച്ചാല്‍ വന്‍ വരുമാനം നേടാമെന്ന പ്രചാരണത്തില്‍ വീണുപോയത് വിദ്യാര്‍ത്ഥികളും വീട്ടമ്മമാരുമടക്കം നിരവധി പേരാണ്. 2000 രൂപ മുതല്‍ രണ്ടുലക്ഷം രൂപ വരെ നിക്ഷേപിക്കുകയും ആളെ ചേര്‍ക്കുകയും ചെയ്താല്‍ വന്‍ പ്രതിഫലമെന്ന വാഗ്ദാനത്തില്‍ നിരവധി പേര്‍ കുടുങ്ങുകയായിരുന്നു.

രജിസ്റ്റര്‍ ചെയ്ത് ആപ്പില്‍ കേറി 2000 രൂപ ആദ്യമടക്കണം. ഫേസ്ബുക്കിലും യൂടൂബിലും ഇന്‍സ്റ്റഗ്രാമിലും വരുന്ന പോസ്റ്റുകള്‍ക്ക് ലൈക്കടിച്ച് പ്രോത്സാഹിപ്പിക്കുക എന്നതാണ് ജോലി. നിക്ഷേപത്തിനനുസരിച്ച് ഓരോ ലൈക്കിനും പ്രതിഫലം കൂടിക്കൂടി വരും. 2000 രൂപയടച്ചാല്‍ ഒരു ലൈക്കിന് 17 രൂപയാണ് പ്രതിഫലം. പക്ഷേ ദിവസം ആറ് ലൈക്ക് മാത്രമേ അടിക്കാനാകൂ. 5000 അടച്ചാല്‍ ഒരു ലൈക്കിന് അമ്പത് രൂപ കിട്ടും. ഇത് കൂടിക്കൂടി വന്ന് രണ്ട് ലക്ഷം നിക്ഷേപിച്ചാല്‍ 350 രൂപ ഒരു ലൈക്കിന് കിട്ടുക. ദിവസം 60 ലൈക്ക് വരെ അടിക്കാം. ഓഫര്‍ തീര്‍ന്നില്ല. മണിചെയിന്‍ മാതൃകയില്‍ ആളുകളെ കൂട്ടിയാല്‍ കമ്മീഷന്‍ കൂടാതെ അവരടിക്കുന്ന ഓരോ ലൈക്കിനുമുണ്ട് പ്രതിഫലം.

പാറശ്ശാല കാരക്കോണം സ്വദേശിയായ സൂര്യ ബംഗളുരുവില്‍ ഫിസിയോതെറാപ്പിക്ക് പഠിക്കുകയാണ്. തൃശൂരിലെ സുഹൃത്ത് ജിഷ്ണു ബോവിനി ആപ്പിലേക്ക് ക്ഷണിച്ചു. ഫീസടക്കാനുള്ള വരുമാനം കണ്ടെത്താം എന്ന് കരുതി 2000 അടച്ച് കയറി. അപ്പോള്‍ തന്നെ 3000 തിരിച്ചു കിട്ടി. അധികം വൈകിയില്ല. 5000 കൊടുത്തു. 7000 കിട്ടുകയും ചെയ്തു. കൂടുതല്‍ കിട്ടുമെന്ന് കണ്ടതോടെ 25000 കൊടുത്തു, സൂര്യയുടെ അമ്മയേയും ചേര്‍ത്തു. അപ്പോഴേക്കും സൂര്യയുടെ കീഴില്‍ 25 പേര്‍ പണമടച്ച് ലൈക്കടി തുടങ്ങിയിരുന്നു. കഴിഞ്ഞ ദിവസം നോക്കിയപ്പോള്‍ ആപ്പുമില്ല വെബ്സൈറ്റുമില്ല, ടാസ്കുമില്ല. 25 പേരെ ചേര്‍ത്ത സൂര്യ വെട്ടിലായി.

സൂര്യയടക്കം 1083 പേരെ ചേര്‍ത്ത തൃശൂര്‍ സ്വദേശി ജിഷ്ണുവിനെ ഞങ്ങള്‍ വിളിച്ചു. ജിഷ്ണുവിന് ഒരു ദിവസം 7000 രൂപയോളം വരുമാനമുണ്ടെന്നാണ് ഇവരോടെല്ലാം പറഞ്ഞത്. കമ്പനി പൂട്ടിപോയില്ലെന്നും വെബ്സൈറ്റ് അപ്ഡേഷനാണെന്നും ഇപ്പോഴും വിശ്വസിപ്പിക്കാന്‍ ശ്രമിക്കുകയാണ്. ജിഷ്ണുവിന്‍റെ ഗ്രൂപ്പ് വഴി മാത്രം ബോവിനി ആപ് തട്ടിയത് 20 ലക്ഷത്തിലേറെ രൂപയാണ്. ബോവിനി ആപ് പൂട്ടി ഇതേ തട്ടിപ്പ് തുടരാന്‍ മറ്റൊരു ആപിന്‍റെ ലിങ്ക് പ്രചരിപ്പിച്ച് തുടങ്ങിയെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.

മലയാളികള്‍ മാത്രമല്ല രാജ്യത്തങ്ങോളമിങ്ങോളമുള്ള ആളുകളും തട്ടിപ്പിനിരയായിട്ടുണ്ട്. ഒരു മുംബൈ സ്വദേശിയെ ബന്ധപ്പെട്ടപ്പോള്‍ പറയുന്നത് 50000 രൂപ പോയെന്ന്. ഇതുപോലെ എത്രയെത്ര പേര്‍. കുടുങ്ങിയതില്‍ കൂടുതല്‍ വിദ്യാര്‍ത്ഥികളും വീട്ടമ്മമാരും എന്നതാണ് ഗൗരവമുള്ള കാര്യം.

ഗൂഗിളില്‍ വെറുതെ സെര്‍ച്ച് ചെയ്താല്‍ പോലും ബോവിനി ആപ് ഫേക്ക് ആണെന്ന് ആര്‍ക്കും കാണാം. പതിനായിരങ്ങളും ലക്ഷങ്ങളും നിക്ഷേപിക്കും ആ സ്ഥാപനത്തിന്‍റെ വിശ്വാസ്യത വെറുതെ ഒന്നന്വേഷിക്കാന്‍ പോലും തയ്യാറാകുന്നില്ല എന്നതാണ് തട്ടിപ്പുകാര്‍ മലയാളികള്‍ക്കായി വല വിരിയ്ക്കാന്‍ കാരണം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker