കുപ്പിവെള്ളത്തിന്റെ വില കുറയും; ഈ വസ്തുക്കളുടെ വില കൂടും; ജിഎസ്ടി നിരക്കിൽ മാറ്റങ്ങൾ
ന്യൂഡൽഹി: ജിഎസ്ടിയിൽ ഏറ്റക്കുറച്ചിലുകൾ വരുത്തി സംസ്ഥാന സർക്കാർ. ചില വസ്തുക്കളുടെ ജിഎസ്ടി നിരക്ക് കൂട്ടുകയും അവശ്യവസ്തുക്കളിൽ ചിലതിന്റെ ജിഎസ്ടി നിരക്ക് കേന്ദ്രസർക്കാർ കുറയ്ക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ജിഎസ്ടി നിരക്കിൽ മാറ്റം വരുത്താനുള്ള സർക്കാരിന്റെ തീരുമാനം.
ആഡംബര ഷൂസുകൾക്കും വാച്ചുകൾക്കും ജിഎസ്ടി നിരക്ക് കൂട്ടിയിട്ടുണ്ട്. 25,000 രൂപയ്ക്ക് മുകളിൽ വിലവരുന്ന റിസ്റ്റ് വാച്ചുകളുടെ ജിഎസ്ടി നിരക്ക് 28 ശതമാനമായി ഉയർത്തി. ഇതിന് പുറമേ 15,000 രൂപയ്ക്ക് മുകളിൽ വരുന്ന ഷൂസുകളുടെ ജിഎസ്ടി നിരക്കും വർദ്ധിപ്പിച്ചിട്ടുണ്ട്. നേരത്തെ വാച്ചുകൾക്കും ഷൂസുകൾക്കും 18 ശതമാനം ആയിരുന്നു ജിഎസ്ടി. ഇതിൽ 10 ശതമാനത്തിന്റെ വർദ്ധനവാണ് സർക്കാർ ഇപ്പോൾ വരുത്തിയിരിക്കുന്നത്. സൗന്ദര്യ വർധക വസ്തുക്കളുടെ ജിഎസ്ടി നിരക്കും ഉയർത്തിയിട്ടുണ്ട്. നിരക്ക് ഉയർത്തിയ വസ്തുക്കളുടെ വില വർദ്ധിക്കും.
കുപ്പിവെള്ളത്തിന്റെ ജിഎസ്ടി നിരക്ക് കേന്ദ്രം കുറച്ചു. ഇതിന് പുറമേ സൈക്കിൾ, നോട്ട്ബുക്ക് എന്നിവയുടെ നിരക്കും കുറച്ചിട്ടുണ്ട്. അതിനാൽ ഇവയുടെ വില കുറയും. 10,000 രൂപയിൽ താഴെയുള്ള സൈക്കിളുകളുടെ നികുതി 12 ശതമാനം എന്നത് അഞ്ച് ശതമാനം ആക്കി. നോട്ട് ബുക്കിന്റെ ജിഎസ്ടി നിരക്ക് 10 ശതമാനത്തിൽ നിന്നും അഞ്ചാക്കിയിട്ടുണ്ട്.