ചെന്നൈ: ആറ് കൊലപാതക കേസുകൾ ഉൾപ്പെടെ 33 ക്രിമിനൽ കേസുകളിൽ പ്രതിയായ കുപ്രസിദ്ധ കുറ്റവാളി ബോംബ് ശവരണനെ തമിഴ്നാട് പൊലീസ് പിടികൂടി. എംകെബി നഗറിലെ ഗുഡ്ഷെഡ് റോഡിൽ ഒരു ഗോഡൗണിൽ ഒളിവിൽ കഴിയുമ്പോഴായിരുന്നു ചെന്നൈ പൊലീസിന്റെ ഓപ്പറേഷൻ. ഗോഡൗൺ വളഞ്ഞ പൊലീസ് സംഘം ഇയാളോട് കീഴടങ്ങാൻ ആവശ്യപ്പെട്ടെങ്കിലും അതിന് തയ്യാറാകാതെ പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാനായിരുന്നു ശരവണന്റെ ശ്രമം.
പൊലീസ് സംഘത്തിലുണ്ടായിരുന്ന പുളിയന്തോപ്പ് ക്രൈം വിങ് ഇൻസ്പെക്ടർ അംബേദ്കറെ ഇയാൾ കത്തി കൊണ്ട് ആക്രമിച്ചു. അടുത്തുണ്ടായിരുന്ന സബ് ഇൻസ്പെക്ടർ പിടിച്ചുമാറ്റിയതിനാൽ നേരിട്ട് കുത്തേറ്റില്ലെങ്കിലും തോളിന് മുറിവേറ്റു. എസ്.ഐക്കും പരിക്കേറ്റിട്ടുണ്ട്.
തൊട്ടുപിന്നാലെ പൊലീസ് സംഘത്തിന് നേരെ ശരവണൻ നാടൻ ബോംബ് എറിഞ്ഞെങ്കിലും അത് പൊട്ടിയില്ല. രണ്ടാമത്തെ ബോംബ് പുറത്തെടുക്കുമ്പോഴേക്കും പൊലീസ് ഇൻസ്പെക്ടർ മുന്നറിയിപ്പ് നൽകിയ ശേഷം ശരവണന് നേരെ വെടിവെയ്ക്കുകയായിരുന്നു. കാൽമുട്ടിന് വെടിയേറ്റ് ശരവണൻ നിലത്തു വീണു.
ഇയാളെ പിന്നീട് ഗവ. സ്റ്റാൻലി ആശുപത്രിയിലേക്ക് കൊണ്ടുപോയി. പരിക്കേറ്റ എസ്.ഐയെയും സി.ഐയെയും രാജീവ് ഗാന്ധി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകിവരികയാണ്. നാല് നാടൻ ബോംബുകളും ഒരു കത്തിയും വടിവാളും അഞ്ച് കിലോ കഞ്ചാവും ശരവണനിൽ നിന്ന് പിടിച്ചെടുത്തു. നിരവധി കേസുകളിൽ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചതിന് പിന്നാലെ ഇയാൾ ഒളിവിൽ പോവുകയായിരുന്നു.
ശരവണന്റെ സഹോദരനും ബിഎസ്‍പി നേതാവുമായ തെന്നരസുവിനെ 2015ൽ ഒരു സംഘം ആളുകൾ കൊലപ്പെടുത്തിയിരുന്നു. ഈ കൊലപാകത്തിലും ശരവണന്റെ പങ്ക് ആരോപിക്കപ്പെട്ടിരുന്നു. പിന്നീട് പ്രതികാര കൊലകൾ ഉൾപ്പെടെ നിരവധി കൊലപാതകങ്ങൾ ശരവണൻ നടത്തി.