തിരുവനന്തപുരം വിമാനത്താവളത്തിലെ ഡിപ്ലോമാറ്റിക് കാര്‍ഗോ വഴിയുള്ളസ്വര്‍ണക്കടത്ത് കേസില്‍ പ്രതി ഫൈസല്‍ ഫരീദിനെ യുഎഇയില്‍ നിന്ന് കൈമാറാനുള്ള നീക്കവുമായി എന്‍ഐഎ. ഫൈസല്‍ ഫരീദിനായി ഉടന്‍ ഇന്റര്‍പോളിലേക്ക് ബ്ലൂ നോട്ടിസ് അയക്കാനാണ് നീക്കം. ഇതിനായി എന്‍ഐഎയുടെ കോടതിയില്‍ നിന്ന് ഓപ്പണ്‍ വാറണ്ട് തേടി. കേസിലെ പ്രധാന കണ്ണിയാണ് ഫൈസല്‍ ഫരീദെന്ന് എന്‍ഐഎ പറഞ്ഞു. കുറ്റവാളിയെന്ന് സംശയിക്കുന ആളുടെ കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിനാണ് ബ്ലൂ നോട്ടിസ് നല്‍കുന്നത്.
കഴിഞ്ഞ ദിവസമാണ് കേസിലെ മൂന്നാം പ്രതിയായി യുഎഇയില്‍ താമസിക്കുന്ന ഫൈസല്‍ ഫരീദിനെ എന്‍ഐഎ പ്രതിചേര്‍ക്കുന്നത്. ഇതിന് പിന്നാലെ ഫൈസല്‍ ഫരീദിന്റെ ചിത്രങ്ങളും പുറത്തുവന്നിരുന്നു. എന്നാല്‍ എന്‍ഐഎ അന്വേഷിക്കുന്ന ഫൈസല്‍ ഫരീദ് താനല്ലെന്നും സ്വര്‍ണക്കടത്തുമായി തനിക്ക് ബന്ധമില്ലെന്നും ഫൈസല്‍ ഫരീദ് മാധ്യമങ്ങളോട് പറഞ്ഞു. പക്ഷേ, ഫൈസല്‍ ഫരീദിന്റെ വാദം തെറ്റാണെന്നും മാധ്യമങ്ങള്‍ക്ക് മുന്നില്‍ വന്ന വ്യക്തി തന്നെയാണ് എന്‍ഐഎ തേടുന്ന ഫൈസല്‍ ഫരീദെന്ന് അധികൃതര്‍ ഉറപ്പിച്ച് പറഞ്ഞു. കസ്റ്റംസും ഇക്കാര്യം ശരിവച്ചു.
ഫൈസല്‍ താമസിക്കുന്നത് ദുബായ് അല്‍റാഷിദിയയിലാണെന്നും വിവരം. ഇയാള്‍ ഭീകരവാദ ബന്ധമുള്ള കേസിലെ പ്രതിയെന്ന് എന്‍ഐഎ അധികൃതര്‍ പറയുന്നു. ഫൈസലിന് ദുബായില്‍ ഉന്നത ബന്ധങ്ങളുണ്ടെന്നും എന്‍ഐഎ കണ്ടെത്തിയിട്ടുണ്ട്.