KeralaNews

ഗവർണർ ഭൂനിയമ ഭേദഗതിയില്‍ ഒപ്പിട്ടില്ലെങ്കില്‍ കേരളമാകെ കർഷക പ്രക്ഷോഭമുണ്ടാകും: എംവി ഗോവിന്ദന്‍

തിരുവനന്തപുരം: നിയമസഭ ഏകകണ്ഠമായി പാസാക്കിയ ഭൂനിയമ ഭേദഗതി ബില്ലിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പുവെയ്ക്കണമെന്ന് സി പി എം സെക്രട്ടറി എംവി ഗോവിന്ദന്‍. ഭരണഘടനാപരമായ പദവി അനുസരിച്ച് ഒപ്പുവെയ്ക്കാനുള്ള ചുമതല ഗവർണർക്കുണ്ട്. എത്രയും വേഗം ഗവർണർ ഒപ്പിടണം. ഭൂനിയമ ഭേദഗതി നിര്‍ണായകമായ കാല്‍വയ്പ്പാണ്. ബില്ല് പാസാക്കുന്നതിന് ഒരേയൊരു തടസം ഗവര്‍ണറാണ്. ബിജെപി നേതൃത്വം നല്‍കുന്ന സംഘപരിവാര്‍ രാഷ്ട്രീയമാണ് ഇതിന് പിന്നില്‍. ഗവർണർ ഈ നില തുടര്‍ന്നാല്‍ കേരളമാകെ കർഷകരുടെ വലിയ പ്രക്ഷോഭമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

ആറര പതിറ്റാണ്ടിന്റെ കാത്തിരിപ്പിന്നൊടുവിലാണ്‌ 2023 സെപ്‌തംബർ 14ന് ഭൂനിയമ ഭേദഗതി പാസാക്കിയത്. ബിൽ അവതരിപ്പിച്ച് മൂന്നരമാസം കഴിഞ്ഞിട്ടും ഒപ്പിടാൻ ഗവർണർ തയാറായിട്ടില്ല. ആർ ശങ്കറും കെ കരുണാകരനും മുഖ്യമന്ത്രിമാരായിരിക്കെ കൊണ്ടുവന്ന ഭൂ നിയമങ്ങളാണ്‌ പിന്നീട്‌ ലക്ഷക്കണക്കിന്‌ കർഷകരുടെ ജീവിതം വഴിമുട്ടാനിടയായത്‌.

എല്ലാ വിഭാഗങ്ങൾക്കും പ്രയോജനകരമാകുന്ന കൃഷിയോടൊപ്പം അനുബന്ധ നിർമാണ പ്രവർത്തനങ്ങൾകൂടി സാധൂകരിക്കുന്നതിനുള്ള ഭൂനിയമ ഭേദഗതിയാണ്‌ നിയമസഭ പാസാക്കിയിട്ടുള്ളത്‌. ആശുപത്രിയടക്കം പൊതുസ്ഥാപനങ്ങളുടേയും പ്രവർത്തനം സാധ്യമാക്കുന്ന തരത്തിൽ നിർമാണം അനുവദിച്ചുകൊടുക്കുന്നതാണ്‌ ഭേദഗതി ബില്ലെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.

ബിൽക്കിസ്‌ ബാനു കേസിൽ ഗുജറാത്ത് സർക്കാരിന്റെ നിയമവിരുദ്ധ നടപടിക്കെതിരായ സുപ്രീംകോടതി വിധിയിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തനിനിറം തുറന്നുകാട്ടപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു. തൃശൂരിൽവന്ന്‌ സ്‌ത്രീസുരക്ഷയെക്കുറിച്ച്‌ വാതോരാതെ പ്രസംഗിക്കുകയും ‘ഗ്യാരന്റി’ നൽകുകയും ചെയ്ത്‌ ദിവസങ്ങൾക്കുള്ളിലാണ്‌ മോദിയെയും ബിജെപിയെയും കേന്ദ്ര സർക്കാരിനെയും പ്രതിക്കൂട്ടിലാക്കുന്ന വിധി വന്നത്‌. ബിജെപി ഭരണത്തിൽ തുടർന്നാൽ എന്താകും രാജ്യത്തിന്റെ സ്ഥിതിയെന്ന്‌ വ്യക്തമായ സൂചന നൽകുന്നതാണ്‌ വിധി.

നിയമസംവിധാനത്തെ വെല്ലുവിളിച്ചാണ്‌ സംഘപരിവാറുകാരായ കൊലയാളികളുടെ ശിക്ഷയിൽ ഗുജറാത്ത്‌ സർക്കാർ ഇളവ് നൽകിയത്‌. കേന്ദ്ര സർക്കാരിന്റെ പിന്തുണയുമുണ്ടായിരുന്നെന്ന്‌ ഗുജറാത്ത്‌ സർക്കാർതന്നെ കോടതിയിൽ പറഞ്ഞു. ഗുജറാത്ത് സർക്കാരിന്‌ കുറ്റവാളികളെ വെറുതെവിടാനുള്ള യോഗ്യതയില്ലെന്നാണ്‌ സുപ്രീംകോടതി ഡിവിഷൻ ബെഞ്ച് വിധിച്ചത്‌. കോടതിയെ കബളിപ്പിക്കൽ അടക്കം കുറ്റവാളികളെ രക്ഷിക്കാൻ ഗുജറാത്തിലെ ബിജെപി സർക്കാർ നടത്തിയ തട്ടിപ്പുകളെല്ലാം വിധിയിൽ അക്കമിട്ട്‌ പറഞ്ഞിട്ടുണ്ട്‌.

വർഗീയകലാപങ്ങളിലൂടെ ന്യൂനപക്ഷങ്ങളെ വേട്ടയാടി സമൂഹത്തിൽ അശാന്തി പടർത്തുകയും ഭീതിയുടെ അന്തരീക്ഷം നിലനിർത്തുകയുമാണ്‌ ബിജെപിയുടെ ശൈലി. രാജ്യത്തെ ജനാധിപത്യത്തെയും ഭരണഘടനയെയും നിയമസംവിധാനത്തെയും വെല്ലുവിളിക്കുന്ന സംഘപരിവാർ ശക്തികൾക്കുള്ള ശക്തമായ താക്കീതാണ്‌ വിധി. ഇത്‌ ഇന്ത്യയിലെ ജനങ്ങൾ തിരിച്ചറിഞ്ഞ്‌ പ്രതികരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker