ബെംഗളൂരു: ലോകകപ്പിലെ അരങ്ങേറ്റ സീസണിൽ തന്നെ തന്റെ മൂന്നാം സെഞ്ച്വറിയും സ്വന്തമാക്കിയിരിക്കുകയാണ് ന്യൂസിലൻഡ് യുവതാരം രച്ചിൻ രവീന്ദ്ര. പാകിസ്താനെതിരായ മത്സരത്തിലാണ് രച്ചിൻ തന്റെ മൂന്നാം ലോകകപ്പ് സെഞ്ച്വറി സ്വന്തമാക്കിയത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കിവീസ് പാകിസ്താനെതിരെ പടുത്തുയർത്തിയ കൂറ്റൻ വിജയലക്ഷ്യത്തിന് അടിത്തറയൊരുക്കിയത് 23കാരനായ രച്ചിൻ രവീന്ദ്രയുടെ ഇന്നിങ്‌സാണ്. രണ്ടാം വിക്കറ്റിൽ നായകൻ കെയ്ൻ വില്യംസണിനൊപ്പം 180 റൺസാണ് രച്ചിൻ കൂട്ടിച്ചേർത്തത്.
പാകിസ്താനെതിരെ നടന്ന മത്സരത്തിൽ മൂന്നാം ലോകകപ്പ് സെഞ്ച്വറി നേടിയതോടെ സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കറിന്റെ റെക്കോർഡ് തകർത്തിരിക്കുകയാണ് രച്ചിൻ. 25 വയസിന് മുൻപേ ലോകകപ്പിൽ ഏറ്റവും കൂടുതൽ സെഞ്ച്വറിയെന്ന റെക്കോർഡാണ് രച്ചിൻ സ്വന്തം പേരിലെഴുതിച്ചേർത്തത്.
രണ്ട് ലോകകപ്പ് സെഞ്ച്വറികളായിരുന്നു 25 വയസിന് മുൻപ് സച്ചിൻ നേടിയത്. ഈ ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരെയും ഓസീസിനെതിരെയും സെഞ്ച്വറി തികച്ച രച്ചിൻ പാകിസ്താനെതിരെയും സെഞ്ച്വറി പ്രകടനം ആവർത്തിച്ചതോടെയാണ് സച്ചിന്റെ പേരിലുള്ള റെക്കോർഡിന് പുതിയ അവകാശിയായത്.
25 വയസ് തികയുന്നതിന് മുന്നേ ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് എന്ന സച്ചിന്റെ റെക്കോർഡിനൊപ്പമെത്താനും രച്ചിൻ രവീന്ദ്രയ്ക്ക് സാധിച്ചു. ഈ ലോകകപ്പിൽ എട്ട് മത്സരങ്ങളിൽ നിന്ന് 532 റൺസ് നേടി റൺവേട്ടക്കാരിൽ രണ്ടാമതാണ് രച്ചിൻ. കൂടാതെ ലോകകപ്പ് ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടിയ ന്യൂസിലൻഡ് താരമെന്ന റെക്കോർഡും ഒരു ലോകകപ്പ് പതിപ്പിൽ തന്നെ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടിയ താരമെന്ന റെക്കോർഡും രച്ചിൻ സ്വന്തമാക്കി.
1975 ലോകകപ്പിൽ രണ്ട് സെഞ്ച്വറി നേടിയ മുൻതാരം ഗ്ലെൻ ടർണർ, 2015 ലോകകപ്പിൽ രണ്ട് സെഞ്ച്വറി നേടിയ മാർട്ടിൻ ഗുപ്റ്റിൽ, 2019 ലോകകപ്പിൽ രണ്ട് സെഞ്ച്വറി നേടിയ കെയ്ൻ വില്യംസൺ എന്നിവരെ പിന്നിലാക്കിയാണ് രച്ചിന്റെ നേട്ടം.