നെയ്യാറ്റിന്‍കരയില്‍ വീടുകളുടെ ചുമരുകളിലും റോഡിലും മനുഷ്യരക്തം! നാട്ടുകാര്‍ ഭീതിയില്‍
തിരുവനന്തപുരം: നെയ്യാറ്റിന്‍കര പ്രദേശത്ത് വീടുകളുടെ ചുമരിലും റോഡിലും രക്തക്കറ കണ്ടെത്തിയതിനെ തുടര്‍ന്ന് നാട്ടുകാരില്‍ ഭീതിയില്‍. മനുഷ്യരക്തമാണ് കണ്ടെത്തിയിരിക്കുന്നത് പോലീസ് നിഗമനത്തിലെത്തിയതോടെ ജനങ്ങളുടെ ആശങ്ക ഇരട്ടിയായിരിക്കുകയാണ്. പരിസരത്തു നിന്നു രക്തം പുരണ്ട പേപ്പറുകളും തുണികളുമാണ് കണ്ടെത്തിയത്. പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
നെയ്യാറ്റിന്‍കര കോടതിക്ക് സമീപത്തെ കന്നിപ്പുറം കടവിനടുത്ത് ഒരു കിലോമീറ്റര്‍ ചുറ്റളവിലാണ് രക്തക്കറ കണ്ടത്. രാവിലെ റോഡിലെ രക്തതുള്ളികളാണ് ആദ്യം നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കടവിന് സമീപത്തും വീടുകളുടെ ചുമരിലും രക്തക്കറ കണ്ടെത്തി. പിന്നാലെ രക്തം പുരണ്ട പേപ്പറുകളും തോര്‍ത്തുകളും കിട്ടി. കടവിന് സമീപത്ത് പിടിവലി നടന്നതിന്റെ ലക്ഷണങ്ങളുമുണ്ട്. ഗുണ്ടാസംഘങ്ങള്‍ തമ്മിലുണ്ടായ അടിപിടിയാണെന്നാണ് പോലീസ് സംശയിക്കുന്നത്. കവര്‍ച്ചാസംഘമാകാനുള്ള സാധ്യതയും പോലീസ് തള്ളിക്കളയുന്നില്ല. ശാസ്ത്രീയ പരിശോധനയ്ക്കായി പോലീസ് രക്തസാമ്പിള്‍ ശേഖരിച്ചു.