വാസ്‌കോ ഡ ഗാമ: നീണ്ട കാത്തിരിപ്പിനൊടുവിൽ ഐഎസ്എല്‍ (ISL 2021-22) ഫൈനലിൽ എത്തിയതിൽ സന്തോഷമെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് (Kerala Blasters) നായകൻ അഡ്രിയൻ ലൂണ (Adrian Luna). ഫൈനലിലെ എതിരാളികൾ ആരായാലും ബ്ലാസ്റ്റേഴ്‌സിന്ആശങ്കയില്ലെന്നും അഡ്രിയൻ ലൂണ പറഞ്ഞു. സെമിയില്‍ ജംഷഡ്‌പൂരിനെ (Jamshedpur FC) ബ്ലാസ്റ്റേഴ്‌സ് മലര്‍ത്തിയടിച്ചപ്പോള്‍ ലൂണയായിരുന്നു രണ്ടാംപാദത്തില്‍ മഞ്ഞപ്പടയുടെ ഗോള്‍ നേടിയത്. ആറ് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് ബ്ലാസ്റ്റേഴ്‌സ് ഫൈനലിലെത്തിയത്.
ഐഎസ്എല്ലിൽ ഗ്രൂപ്പ് ഷീല്‍ഡ് സ്വന്തമാക്കിയ ജംഷഡ്‌പൂര്‍ എഫ്‌സിയെ കീഴടക്കിയാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഫൈനലിൽ പ്രവേശിച്ചത്. സെമിയിൽ ജംഷഡ്‌പൂരിനെ ഇരുപാദങ്ങളിലുമായി ഒന്നിനെതിരെ രണ്ട് ഗോളിന് തോൽപിക്കുകയായിരുന്നു മഞ്ഞപ്പട. ബ്ലാസ്റ്റേഴ്സ് ഫൈനലിൽ ഞായറാഴ്ച എടികെ മോഹന്‍ ബഗാന്‍- ഹൈദരാബാദ് എഫ്‌സി രണ്ടാം സെമി വിജയികളെ നേരിടും. 2016ന് ശേഷം ആദ്യമായിട്ടാണ് ബ്ലാസ്റ്റേഴ്‌സ് ഫൈനലിലെത്തുന്നത്.
തിലക് മൈതാനിയിലെ രണ്ടാംപാദത്തില്‍ ഇരുവരും ഓരോ ഗോള്‍ നേടി പിരിഞ്ഞെങ്കിലും ആദ്യപാദത്തില്‍ നേടിയ 1-0ത്തിന്‍റെ ജയം ബ്ലാസ്റ്റേഴ്‌സിനെ ഫൈനലിലെത്തിച്ചു. ഇരുപാദങ്ങളിലുമായി സ്‌കോര്‍ 2-1. രണ്ടാംപാദത്തില്‍ അഡ്രിയാന്‍ ലൂണയാണ് ബ്ലാസ്‌റ്റേഴ്‌സിന്‍റെ ഗോള്‍ നേടിയത്. പ്രണോയ് ഹാള്‍ഡര്‍ ജംഷഡ്‌പൂരിനായി ഗോള്‍ മടക്കി. ആദ്യപാദ സെമിയില്‍ 38-ാം മിനുറ്റില്‍ അല്‍വാരോ വാസ്‌ക്വേസിന്‍റെ അസിസ്റ്റില്‍ സഹല്‍ അബ്ദുല്‍ സമദ് നേടിയ ഗോളില്‍ ബ്ലാസ്റ്റേഴ്സ് 1-0ന് ജയിച്ചിരുന്നു.
മൂന്നാം തവണയാണ് ബ്ലാസ്റ്റേഴ്‌സ് ഫൈനലിനെത്തുന്നത്. 2014ല്‍ പ്രഥമ സീസണില്‍ തന്നെ ടീം ഫൈനലിലെത്തി. എന്നാല്‍ അത്‌ലറ്റികോ ഡി കൊല്‍ക്കത്തയോട് (എടികെ മോഹന്‍ ബഗാന്‍) തോറ്റു. 2016ലായിരുന്നു അടുത്ത ഫൈനല്‍ പ്രവേശനം. അത്തവണയും കൊല്‍ക്കത്തകാര്‍ക്ക് മുന്നില്‍ വീണു. പെനാല്‍റ്റി ഷൂട്ടൗട്ടിലായിരുന്നു ബ്ലാസ്റ്റേഴ്‌സിന്‍റെ തോല്‍വി. എന്നാല്‍ ഇക്കുറി ജംഷഡ്‌പൂരിനെ തളച്ച് മുന്നേറിയ ബ്ലാസ്റ്റേഴ്‌സ് കലാശപ്പോരില്‍ കിരീടമുയര്‍ത്തും എന്നാണ് ആരാധകരുടെ പ്രതീക്ഷ.