ബംഗളൂരു: അഞ്ചു സംസ്ഥാനങ്ങളിൽ നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപി ഉറപ്പായും പരാജയപ്പെടുമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. തെരഞ്ഞെടുപ്പ് ഫണ്ട് സമാഹരിക്കുന്നതിനായാണ് അവരിപ്പോൾ തിരക്കുപിടിച്ച് സമ്പന്നരായ ബിസിനസുകാരുടെയും കോൺട്രാക്ടർമാരുടെയും വീടുകളിൽ ഇ.ഡിയെയും ഇൻകംടാക്‌സ് വിഭാഗത്തെയും കൂട്ടുപിടിച്ച് റെയ്ഡ് നടത്തുന്നതെന്നും ആരോപിച്ചു.
അവർക്കിപ്പോൾ പഴയപോലെ ഫണ്ട് ലഭിക്കുന്നില്ല. കാരണം ഫണ്ടിന്റെ 40 ശതമാനവും ലഭിച്ചിരുന്നത് കർണാടകയിൽ നിന്നായിരുന്നു. തെരഞ്ഞെടുപ്പ് പരാജയത്തിൽ ജനങ്ങൾക്ക് മുന്നിൽ പറയാൻ ജെ.പി. നദ്ദ മറുപടി ഇപ്പോഴേ കണ്ടെത്തുന്നത് നല്ലതായിരിക്കുമെന്നും സിദ്ധരാമയ്യ പരിഹസിച്ചു.
കർണാടകയിൽ നടത്തിയ റെയ്ഡിൽ കോടികളുടെ പണം പിടിച്ചെടുത്തുവെന്നും ഇതെല്ലാം കോൺഗ്രസുമായി ബന്ധപ്പെട്ട ആളുകളിൽ നിന്നുമാണെന്ന ബിജെപിയുടെ ആരോപണങ്ങൾക്ക് മറുപടി പറയുകയായിരുന്നു സിദ്ധരാമയ്യ.
കർണാടകയിൽ നിന്നായിരുന്നു ബിജെപിയുടെ 40 ശതമാനം കമ്മീഷനും വന്നുകൊണ്ടിരുന്നത്. കോൺഗ്രസ് അധികാരത്തിലെത്തിയതോടെ അത് നിലച്ചു. പകരം റെയ്ഡ് വഴി പണം പിടിച്ചെടുക്കുകയാണ്. പണം സ്വരൂപിക്കാൻ ഇ.ഡിയും ആദായ നികുതിവകുപ്പും സമ്പന്നരെ ഭീഷണിപ്പെടുത്തുകയാണ്.-എക്‌സ് പ്ലാറ്റ്‌ഫോമിൽ പങ്കുവെച്ച പോസ്റ്റിൽ സിദ്ധരാമയ്യ ആരോപിച്ചു. സമീപകാലത്തെ രാഷ്ട്രീയ സംഭവ വികാസങ്ങൾ പരിശോധിച്ചാൽ അഞ്ചുസംസ്ഥാനങ്ങളിൽ ബിജെപി വൻ പരാജയം ഏറ്റുവാങ്ങുമെന്നത് ഉറപ്പാണെന്നും സിദ്ധരാമയ്യ അവകാശപ്പെട്ടു.