ജയ്പുര്‍ : ബിജെപിയെ കോണ്‍ഗ്രസ് നിശ്ചയമായും താഴെയിറക്കുമെന്നും തന്റെ വാക്കുകള്‍ അടയാളപ്പെടുത്തി വെച്ചോളൂവെന്നും രാഹുല്‍ ഗാന്ധിയുടെ വെല്ലുവിളി. ബിജെപിയെ നേരിടാന്‍ ധൈര്യമില്ലാത്തവര്‍ക്ക് പാര്‍ട്ടി വിട്ടുപോകാമെന്നും അദ്ദേഹം പറഞ്ഞു.
ജനലക്ഷങ്ങളുടെ മനസ്സില്‍ നിലനില്‍ക്കുന്ന പ്രത്യയശാസ്ത്രമാണ് കോണ്‍ഗ്രസ്. തനിക്കെതിരെയും കോണ്‍ഗ്രസ് പാര്‍ട്ടിക്കെതിരെയും വളരെ ആസൂത്രിതമായ അപവാദ പ്രചാരണം നടത്തുന്നുണ്ട്. ഫാസിസത്തിനെതിരെ ഉറച്ച് നില്‍ക്കുന്ന പ്രത്യയശാസ്ത്രമുള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും രാഹുല്‍ പറഞ്ഞു. ഭാരത് ജോഡോ യാത്ര നൂറ് ദിനം പിന്നിട്ട ഘട്ടത്തില്‍ രാജസ്ഥാനില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാഹുല്‍.
കോണ്‍ഗ്രസില്‍ ഒരുപ്രശ്‌നവും നിലവിലില്ല. അഭിപ്രായ വ്യത്യാസങ്ങള്‍ തുറന്ന് പ്രകടിപ്പിക്കാനുള്ള ഇടം പാര്‍ട്ടിയിലുണ്ടെന്നും അത്തരം സംഭവങ്ങള്‍ നടക്കാറുണ്ടെന്നും രാഹുല്‍ പറഞ്ഞു. രാജസ്ഥാനിലെ കോണ്‍ഗ്രസിലുള്ള പ്രശ്‌നങ്ങള്‍ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു രാഹുലിന്റെ ഈ പ്രതികരണം.
കോണ്‍ഗ്രസിനെതിരെ ബിജെപി നടത്തുന്ന അപവാദ പ്രചാരണങ്ങളില്‍ മാധ്യമങ്ങളും പങ്കാളികളാണെന്ന് അദ്ദേഹ ആരോപിച്ചു. ‘ബിജെപിയെ നേരിടാന്‍ ധൈര്യമുള്ളവര്‍ മാത്രം പാര്‍ട്ടിയില്‍ നിന്നാല്‍ മതി. അല്ലാത്തവര്‍ക്ക് പോകാം. അവര്‍ക്ക് ആശംസകള്‍ നേരുന്നു. കോണ്‍ഗ്രസ് എല്ലാ പ്രതിപക്ഷ പാര്‍ട്ടികളുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്നാണ് എന്റെ കാഴ്ചപ്പാട്, എന്നാല്‍ അതുമായി ബന്ധപ്പെട്ട തീരുമാനം ഞങ്ങളുടെ പാര്‍ട്ടി അധ്യക്ഷന്‍ എടുക്കും’ രാഹുല്‍ വ്യക്തമാക്കി.
ചൈനയുടെ ഭീഷണയില്‍ സര്‍ക്കാര്‍ ഉറക്കം നടിക്കുകയാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി.
‘ചൈനയുടെ ഭീഷണി എനിക്ക് കാണാം. ഇത് മറച്ചുവെക്കാനാണ് നമ്മുടെ സര്‍ക്കാര്‍ ശ്രമിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ ഉറങ്ങുകയാണ്, എന്നാല്‍ ചൈന ഒരുക്കങ്ങള്‍ നടത്തുകയാണ്. അവര്‍ യുദ്ധത്തിന് തയ്യാറെടുക്കുകയാണ്. സര്‍ക്കാര്‍ അത് മറച്ചുവെക്കുന്നു’ രാഹുല്‍ പറഞ്ഞു.