ലക്‌നോ: താമരയെ ബി.ജെ.പി തെരഞ്ഞെടുപ്പ് ചിഹ്നമായി ഉപയോഗിക്കുന്നതു വിലക്കണമെന്നാവശ്യപ്പെട്ടു ഹര്‍ജി. ഉത്തര്‍പ്രദേശിലെ ഗോരഖ്പുര്‍ സ്വദേശിയായ കാളിശങ്കറാണ് അലഹബാദ് ഹൈക്കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.
ദേശീയ പുഷ്പമായ താമര ബിജെപിയുടെ ഉപയോഗിക്കുന്നതു മരവിപ്പിക്കണമെന്നാണു ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്. രജിസ്റ്റര്‍ ചെയ്ത രാഷ്ട്രീയ പാര്‍ട്ടികള്‍ ചിഹ്നങ്ങളുടെ ഉപയോഗം തെരഞ്ഞെടുപ്പില്‍ മാത്രം പരിമിതപ്പെടുത്തണമെന്നും ദുരുപയോഗം ചെയ്യാന്‍ സാധ്യതയുള്ളതിനാല്‍ പാര്‍ട്ടിയുടെ ലോഗോയായി ഉപയോഗിക്കാന്‍ അവരെ അനുവദിക്കരുതെന്നും പൊതുതാത്പര്യ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഹര്‍ജിയില്‍ മറുപടി സമര്‍പ്പിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനോടും ബിജെപി ദേശീയ അധ്യക്ഷനോടും അലഹബാദ് ഹൈക്കോടതി ആവശ്യപ്പെട്ടു. ഹര്‍ജിയില്‍ ജനുവരി പന്ത്രണ്ടിനു കോടതിയില്‍ വാദം തുടരും. 2016ല്‍ ബിജെപിയുടെ താമര ചിഹ്നം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുംബൈ ഹൈക്കോടതിയിലും സമാനമായ ഹര്‍ജി സമര്‍പ്പിക്കപ്പെട്ടിരുന്നു. 30 വര്‍ഷം മുന്പാണു തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബിജെപിക്ക് താമര ചിഹ്നമായി അനുവദിച്ചത്.