NationalNews

രാഹുലിന്റെ ടീ ഷ‌ർട്ടിന് 41,257 രൂപ! ‘ഭാരത് ദേഖോ’ എന്ന് ബിജെപി, മോദിയുടെ സ്യൂട്ടും ചർച്ച ചെയ്യാമെന്ന് കോൺഗ്രസ്

ന്യൂഡല്‍ഹി: ഭാരത് ജോഡോ യാത്ര നയിക്കുന്ന രാഹുൽ ധരിച്ച ടീ ഷർട്ടിനെ ചൊല്ലി വിവാദം. രാഹുൽ ധരിച്ചിരിക്കുന്നത് 41,527 രൂപയുടെ ടീ ഷർട്ടാണെന്ന് ആരോപിച്ച് ബിജെപി രംഗത്തെത്തി. ബർബെറി ടീ ഷർട്ടിന്റെ ചിത്രവും രാഹുൽ അത് ധരിച്ച് നിൽക്കുന്ന ചിത്രവും പങ്കു വച്ചാണ് ബിജെപിയുടെ സോഷ്യൽ മീഡിയ ക്യാംപെയ്ൻ. രാഹുൽ ഗാന്ധി ധരിച്ച ബർബെറി ടീ ഷർട്ടിന്റെ വില സഹിതമാണ് ‘ഭാരത് ദേഖോ’ (ഭാരതമോ കാണൂ) എന്ന പേരിൽ ബിജെപി ക്യാംപെയ്ൻ. ട്വിറ്ററിലെ പ്രചാരണത്തിന് ചുട്ട മറുപടിയുമായി കോൺഗ്രസും രംഗത്തെത്തിയിട്ടുണ്ട്. 

ഭാരത് ജോഡോ യാത്രയിലെ ആൾക്കൂട്ടം കണ്ട് ഭയന്നോ എന്നാണ് ബിജെപിയോട് കോൺഗ്രസിന്റെ മറു ചോദ്യം. മോദിയുടെ പത്തുലക്ഷം രൂപയുടെ സ്യൂട്ടിനെക്കുറിച്ചും 1.5 ലക്ഷത്തിന്റെ കണ്ണാടിയെ കുറിച്ചും ചർച്ച ചെയ്യാമെന്നും കോൺഗ്രസ് വ്യക്തമാക്കുന്നു. തൊഴിലില്ലായ്മയെ കുറിച്ചും വിലക്കയറ്റത്തെ കുറിച്ചും സംസാരിക്കാനും ബിജെപിയോട് കോൺഗ്രസ് ആവശ്യപ്പെട്ടു.

രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര ഇന്ന് നാഗർകോവിലിൽ നിന്ന്. പുളിയൂർകുറിച്ചി ദൈവസഹായം പിള്ള ദേവാലയം വരെയാണ് ആദ്യഘട്ടം .മുളകുമൂട് വരെയെത്തി ഇന്നത്തെ യാത്ര അവസാനിക്കും. മറ്റന്നാൾ യാത്ര കേരളത്തിൽ പ്രവേശിക്കും.

150 ദിവസം ഹോട്ടലുകളിൽ പോലും താങ്ങാതെയാണ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത്‌ ജോഡോ യാത്ര. രാഹുൽ ഗാന്ധി ഉൾപ്പടെ യാത്രാ അംഗങ്ങൾ എല്ലാവർക്കും താമസം ഒരുക്കിയിരിക്കുന്നത് 60 കണ്ടെയ്നർ ലോറികളിൽ ആണ്. ഭക്ഷണം ആകട്ടെ വഴിയോരത്തും. ഇനിയുള്ള 5 മാസം യാത്രാ അംഗങ്ങളുടെ ദിനചര്യ ഇതായിരിക്കും.

രാഹുൽ ഗാന്ധി നയിക്കുന്ന കോൺഗ്രസിന്റെ ഭാരത് ജോഡോ യാത്രക്ക് കന്യാകുമാരിയിൽ ആണ് തുടക്കമായത്. പ്രാർത്ഥനായോഗത്തിന് ശേഷം ഗാന്ധി സ്മൃതി മണ്ഡപത്തിൽ വെച്ച് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനിൽ നിന്നും പതാക രാഹുൽ ഗാന്ധി ഏറ്റുവാങ്ങിയതോടെയാണ് നൂറ്റിയമ്പത് ദിവസം നീളുന്ന യാത്രക്ക് തുടക്കമായത്.

ശ്രീ പെരുമ്പത്തൂരിലെ രാജിവ് ഗാന്ധി സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയാണ് രാഹുൽ ഗാന്ധി കന്യാകുമാരിയിലെത്തിയത്. ഭാരത് ജോഡോ യാത്ര ഇന്ത്യൻ രാഷ്ട്രീയത്തിൻ്റെ നവോത്ഥാനത്തിൻ്റെ നിമിഷമാണെന്ന കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധിയുടെ സന്ദേശം വേദിയിൽ വായിച്ചു. ഈ യാത്ര കോൺഗ്രസിന്റെ ഉയിർത്തെഴുന്നേൽപ്പ് ആകും. ഇന്ത്യൻ രാഷ്ട്രീയത്തിലെ മാറ്റത്തിന്റെ തുടക്കമാണെന്നും സോണിയ പ്രതീക്ഷ പങ്കുവെച്ചു. 

എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍, രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് തുടങ്ങിയ നേതാക്കളും രാഹുല്‍ ഗാന്ധിക്കൊപ്പമുണ്ട്. മുതിർന്ന നേതാക്കളടക്കം 117 സ്ഥിരം അംഗങ്ങളാണ് പദയാത്രയിൽ രാഹുൽ ഗാന്ധിക്കൊപ്പമുളളത്. 150 ദിവസം നീളുന്ന പദയാത്ര 12 സംസ്ഥാനങ്ങളിലൂടെ കടന്നുപോകും. ജാഥയുടെ ഭാഗമായി രാജ്യത്തെ 22 നഗരങ്ങളില്‍ റാലികള്‍ സംഘടിപ്പിക്കും.

രാജ്യത്ത് ഐക്യം ഉറപ്പിക്കാനെന്ന പേരിലുള്ള യാത്ര ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പ് കോൺഗ്രസിനെ ശക്തിപ്പെടുത്തുന്നത് കൂടി ലക്ഷ്യമിട്ടാണ് നടത്തുന്നത്. എഴുത്തുകാർ, ആക്ടിവിസ്റ്റുകൾ അടക്കമുള്ള വിവിധ വിഭാഗങ്ങളിൽപെട്ടവരും യാത്രയുടെ ഭാഗമാകും. പ്രത്യേകം തെരഞ്ഞെടുത്ത കോൺഗ്രസ് നേതാക്കളാണ് രാഹുലിനൊപ്പം സ്ഥിരാംഗങ്ങളായി 3500 കിലോമീറ്റർ പദയാത്രയ്ക്കൊപ്പം ചേരുന്നത്. 

ദേശീയതലത്തിലെ തുടർ തോൽവി, കൈപ്പിടിയിലെ സംസ്ഥാനങ്ങൾ തന്നെ കൈവിടുന്ന സ്ഥിതി, ഗാന്ധി കുടുംബത്തെ പരസ്യമായി ചോദ്യം ചെയ്ത് മുതിർന്ന നേതാക്കൾ വരെ പാ‍ർട്ടി വിടുന്ന അവസ്ഥ, കോൺഗ്രസ് ചരിത്രത്തിലെ വലിയ പ്രതിസന്ധി നേരിടുമ്പോഴാണ് രാഹുല്‍ കോൺഗ്രസ് പാര്‍ട്ടിയുടെ വീണ്ടെടുപ്പ് ലക്ഷ്യമിട്ട് ജോഡോ യാത്ര നടത്തുന്നത്.ചോദ്യങ്ങൾക്കെല്ലാം യാത്ര തീരുന്നതോടെ ഉത്തരമാകുമെന്ന ആത്മവിശ്വാസമാണ് നേതൃത്വം നിരത്തുന്നത്. 3,570 കിലോമീറ്റര്‍ പിന്നിട്ട് 2023 ജനുവരി 30 ന് കശ്മീരിൽ യാത്രക്ക് സമാപനമാകും. 

 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker