ബി.ജെ.പി നേതാവിനെ ഭാര്യയുടെ മുന്നില്‍വെച്ച് വെടിവെച്ച് കൊന്നു
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ പ്രാദേശിക ബി.ജെ.പി നേതാവിനെ ഭാര്യയുടെ കണ്‍മുന്നില്‍ വെച്ച് അജ്ഞാതര്‍ വെടിവെച്ചു കൊലപ്പെടുത്തി. നാദിയ ജില്ലയില്‍ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ഇരയായ ഹരാല ദെബ്‌നാഥ് പലചരക്ക് കടയും നടത്തുന്നുണ്ട്. വെള്ളിയാഴ്ച രാത്രി 10 മണിയോടെ ഭാര്യയ്ക്കൊപ്പം കട അടച്ച് വീട്ടിലേക്ക് പോകാന്‍ തയ്യാറെടുക്കുമ്പോള്‍ കടയിലെത്തിയ രണ്ട് പേര്‍ പലഹാരം ആവശ്യപ്പെട്ടു. പായ്ക്കറ്റ് എടുത്ത് പുറത്തേകക്ക് വന്നപ്പോള്‍ അക്രമികള്‍ തോക്കെടുത്ത് നിറയൊഴിക്കുകയായിരുന്നു. ഉടന്‍ തന്നെ അടുത്ത ആശുപത്രിയില്‍ എത്തിച്ചെങ്കിലും പിന്നീട് മരണം സംഭവിക്കുകയായിരുന്നു.
ആക്രമണത്തിന് തൃണമൂല്‍ കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തിയ ബി.ജെ.പി ജില്ലാ പ്രസിഡന്റ് ഡോ. മനോബെന്ദ്ര റോയ് രംഗത്ത് വന്നു. അക്രമികള്‍ ഭയമില്ലാതെ ആളുകളെ കൊല്ലുകയാണെന്നും എന്നാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നും ദെബ്‌നാഥിന്റെ അയല്‍വാസിയായ പ്രദീപ് റോയ് പറഞ്ഞു. പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് പോലീസിനോട് ആവശ്യപ്പെട്ട് ബി.ജെ.പി നേതാക്കള്‍ പ്രതിഷേധ പ്രകടനം നടത്തി.