തിരുവനന്തപുരം: മദ്യാസക്തിയുള്ളവര്‍ക്ക് ഡോക്ടറുടെ കുറിപ്പടി പ്രകാരം മദ്യം വീട്ടിലെത്തിച്ചു നല്‍കാന്‍ ബിവറേജസ് കോര്‍പറേഷന്‍ നടപടികള്‍ ആരംഭിച്ചു. മദ്യം വീട്ടിലെത്തിച്ച് നല്‍കുന്നതിന് 100 രൂപ സര്‍വീസ് ചാര്‍ജ് ഈടാക്കും. എസ്എല്‍ 9 ലൈസന്‍സുള്ള ഗോഡൗണില്‍നിന്ന് മദ്യവിതരണം നടത്താനാണു ബെവ്‌കോയുടെ നീക്കം. വില അധികമില്ലാത്ത റമ്മും ബ്രാന്‍ഡിയുമാണു വിതരണം ചെയ്യാന്‍ പദ്ധതി. ബിയറും വൈനും വിതരണം ചെയ്യില്ല.
<p>മൂന്നു ലിറ്ററില്‍ അധികം മദ്യം നല്‍കാന്‍ പാടില്ല. ഒരു ദിവസം വരുന്ന പാസുകളുടെ എണ്ണം കണക്കാക്കി ഒരുമിച്ചു മദ്യം വിതരണം ചെയ്യണം. സഞ്ചരിക്കേണ്ട ദൂരം, പാസുകളുടെ എണ്ണം എന്നിവ കണക്കാക്കി ആവശ്യമായ വാഹനം വെയര്‍ഹൗസ് മാനേജര്‍മാര്‍ തയാറാക്കണം. മദ്യവിതരണത്തിനായി ഒരു വാഹനത്തില്‍ രണ്ടു തൊഴിലാളികളെ ചുമതലപ്പെടുത്തണം. വാഹനത്തിനുള്ള പാസും ജീവനക്കാരുടെ പാസും പോലീസ് സ്റ്റേഷനില്‍നിന്നു വാങ്ങണം.</p>
<p>മദ്യവിതരണത്തിനുള്ള വാഹനത്തിന് അകമ്പടിക്കായി പോലീസുകാരുടെയും എക്‌സൈസിന്റെയും സേവനം തേടണം. വെയര്‍ഹൗസിലെ കംപ്യൂട്ടര്‍ പ്രോഗ്രാമര്‍ സ്റ്റോക്കിന്റെ കണക്ക് ദിവസേന രേഖപ്പെടുത്തണമെന്നും ബെവ്‌കോ എംഡി ജി. സ്പര്‍ജന്‍ കുമാറിന്റെ സര്‍ക്കുലറില്‍ നിര്‍ദേശിക്കുന്നു. ഡോക്ടറുടെ കുറിപ്പടി പ്രകാരം എക്‌സൈസ് പാസ് നല്‍കുന്നവര്‍ക്കു മദ്യം ലഭ്യമാക്കുമെന്നാണു സര്‍ക്കാര്‍ അറിയിച്ചത്. ഇതിനു പിന്നാലെയാണു ചാര്‍ജ് ഈടാക്കി മദ്യം വീട്ടിലെത്തിച്ചു നല്‍കാന്‍ ബെവ്‌കോ നടപടി ആരംഭിച്ചിരിക്കുന്നത്.</p>