ബിനോയ് കോടിയേരി കേരളം വിട്ടെന്ന് സൂചന; പരിശോധന ശക്തമാക്കി മുംബൈ പോലീസ്
കണ്ണൂര്‍: ലൈംഗിക പീഡന പരാതിയെ തുടര്‍ന്ന് ഒളിവില്‍ പോയ ബിനോയ് കോടിയേരി കേരളം വിട്ടെന്ന് സൂചന. ബിനോയിയെ കണ്ടെത്താന്‍ മുംബൈ പോലീസ് പരിശോധന ശക്തമാക്കി. വിദേശരാജ്യങ്ങളിലേക്ക് കടക്കാതിരിക്കാന്‍ വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ചും പരിശോധന നടത്തുന്നുണ്ട്.
അതേസമയം മുംബൈ സെഷന്‍സ് കോടതി ബിനോയിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ നാളെ ഉത്തരവ് പുറപ്പെടുവിക്കും. എന്നാല്‍ ബിനോയിയെ കസ്റ്റഡിയിലെടുക്കുന്നതിന് കോടതിയുടെ തീരുമാനം വരുന്നത് വരെ കാത്തിരിക്കേണ്ട ആവശ്യമില്ലെന്ന നിലപാടിലാണ് ഇപ്പോള്‍ പോലീസ്. ഇപ്പോള്‍ ഒളിവില്‍ കഴിയുന്ന ബിനോയ് രാജ്യം വിട്ട് പോകാന്‍ സാധ്യതയുള്ളതിനാല്‍ വിമാനത്താവളങ്ങള്‍ അടക്കം പരിശോധിച്ച് വരികയാണ്. ഇപ്പോള്‍ കേരളത്തിലുള്ള മുംബൈ പൊലീസ് സംഘം ഇന്നും വിവരശേഖരണത്തിനായി പരിശോധന നടത്തും.
ബിഹാര്‍ സ്വദേശിനിയായ യുവതി നല്‍കിയ പരാതിയിലാണ് ബിനോയിക്കെതിരെ മുംബൈ പൊലീസ് കേസെടുത്തിരിക്കുന്നത്. ബാര്‍ ഡാന്‍സറായിരുന്ന ഇവരെ വിവാഹിതനാണെന്ന വിവരം മറച്ച് വച്ച് ബിനോയ് വിവാഹ വാഗ്ദാനം നല്‍കുകയും പീഡിപ്പിക്കുകയും ചെയ്തെന്നാണ് പരാതി. ഈ ബന്ധത്തില്‍ എട്ട് വയസ്സുള്ള ഒരു മകന്‍ തനിക്കുണ്ടെന്നും പരാതിയില്‍ യുവതി പറയുന്നു.