ബിനോയ് കോടിയേരി ഒളിവില്‍; മൊബൈല്‍ സ്വിച്ച് ഓഫ് ചെയ്ത നിലയില്‍, നിരാശരായി മുംബൈ പോലീസ്
കണ്ണൂര്‍: യുവതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ബിനോയ് കോടിയേരിയെ കാണാന്‍ കേരളത്തിലെത്തിയ മുംബൈ പോലീസിന് ബിനോയിയെ നേരില്‍കാണാന്‍ കഴിഞ്ഞില്ല. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ മുംബൈ പോലീസ് നോട്ടീസ് അയച്ചിരുന്നുവെങ്കിലും ബിനോയ് ഒളിവിലാണെന്നാണ് വിവരം. ഫോണ്‍ സ്വിച്ച് ചെയ്ത നിലയിലാണ്. തിരുവങ്ങാട്ടെയും മൂഴിക്കരയിലെയും വീട്ടില്‍ പോലീസെത്തി. പക്ഷെ ബിനോയ് ഇവിടെ ഒരിടത്തും ഉണ്ടായിരുന്നില്ല.
അന്ധേരിയിലെ ഓശിവര പോലീസ് സ്റ്റേഷനിലാണു യുവതി പരാതി നല്‍കിയിട്ടുള്ളത്. ബിഹാര്‍ സ്വദേശിനിയായ യുവതിയുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത മുംബൈ ഓഷിവാര സ്റ്റേഷനിലെ എസ്.ഐമാരായ വിനായക് ജാദവ്, ദയാനന്ദ് പവാര്‍ എന്നിവരാണു കണ്ണൂരിലെത്തിയത്. ബിനോയിക്കെതിരായ പരാതിയില്‍ യുവതി നല്‍കിയിരുന്നത് കണ്ണൂരിലെ തിരുവങ്ങാട്ടുള്ള വിലാസമാണ്.
ബിനോയ് കോടിയേരിക്കെതിരെ ശക്തമായ രേഖകളും ഫോട്ടോകളും തെളിവുകളായി ഉണ്ടെന്ന് പരാതിക്കാരിയായ യുവതി വ്യക്തമാക്കി. ഇവയില്‍ ചിലത് കേസ് അന്വേഷിക്കുന്ന ഓഷിവാര പൊലീസിന് കൈമാറിയതായും അവര്‍ പറഞ്ഞു.