അസുഖമാണെന്ന് ബിനോയ് കോടിയേരി; ഡി.എന്‍.എ പരിശോധനയ്ക്ക് രക്തസാമ്പിള്‍ നല്‍കിയില്ല
മുംബൈ: ലൈംഗിക പീഡന പരാതിയില്‍ ഡി.എന്‍.എ പരിശോധനയ്ക്കുവേണ്ടി ബിനോയി കോടിയേരി ഇന്ന് രക്തസാമ്പിള്‍ നല്‍കില്ല. അസുഖമായതിനാല്‍ രക്തം നല്‍കാനാവില്ലെന്നാണ് ബിനോയി മുംബൈ ഓഷിവാര പോലീസിനെ അറിയിച്ചത്. പരിശോധനയ്ക്കായി ബിനോയിയെ ജൂഹുവിലെ കൂപ്പര്‍ ആശുപത്രിയില്‍ എത്തിച്ച് രക്തസാമ്പിള്‍ ശേഖരിക്കാനാണ് പോലീസ് തീരുമാനിച്ചിരുന്നത്. ഡിഎന്‍എ ടെസ്റ്റിന് തയാറാണെന്ന് ബിനോയി കോടിയേരി നേരത്തേ പോലീസിനെ അറിയിച്ചിരുന്നു.
കോടതി നിര്‍ദ്ദേശപ്രകാരം മുന്‍കൂര്‍ ജാമ്യവ്യവസ്ഥ അനുസരിച്ചാണ് ബിനോയ് കോടിയേരി ഇന്ന് ഓഷിവാര പോലീസ് സ്റ്റേഷനിലെത്തിയത്. അരമണിക്കൂര്‍ സ്റ്റേഷനില്‍ കാത്തിരുന്ന ശേഷമാണ് ബിനോയ് കോടിയേരിയെ അന്വേഷണ ഉദ്യോഗസ്ഥന്‍ വിളിപ്പിച്ചത്. അസുഖമാണെന്നും അതിനാള്‍ രക്തസാമ്പിളെടുക്കുന്നത് മറ്റൊരു ദിവസത്തേക്ക് മാറ്റണമെന്നും ബിനോയ് കോടിയേരി ആവശ്യപ്പെടുകയായിരുന്നു. ഒരു മാസത്തേക്ക് എല്ലാ തിങ്കളാഴ്ച്ചയും രാവിലെ പത്തിനും ഉച്ചയ്ക്ക് ഒന്നിനും ഇടയില്‍ അന്വേഷണ ഉദ്യോഗസ്ഥനുമുന്നില്‍ ഹാജരാകണമെന്ന വ്യവസ്ഥയിലാണ് ബിനോയിക്ക് മുംബൈ ഡിണ്ടോഷി സെഷന്‍സ് കോടതി മുന്‍കൂര്‍ജാമ്യം അനുവദിച്ചത്.