പ്രായഭേദമന്യേ സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കണം; ബിന്ദു അമ്മിണി സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി
ന്യൂഡല്‍ഹി: പ്രായഭേദമന്യേ സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ട് ബിന്ദു അമ്മിണി സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. ശബരിമലയില്‍ പോകാനെത്തുന്ന സ്ത്രീകളുടെ പ്രായം പരിശോധിക്കുന്ന കേരളാ പോലീസിന്റെ നടപടി അടിയന്തരമായി നിര്‍ത്തലാക്കണമെന്നും ബിന്ദു അമ്മിണി ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. മാത്രമല്ല ശബരിമല കേസിലെ ഭരണഘടനാ ബെഞ്ചിന്റെ വിധിക്കെതിരെ നല്‍കിയ പുനഃപരിശോധനാ ഹര്‍ജികളില്‍ തീരുമാനമെടുക്കുന്നതിനായി വിശാല ബെഞ്ചിന് വിട്ട സുപ്രീം കോടതി വിധിയില്‍ ജസ്റ്റിസ് റോഹിങ്ടണ്‍ നരിമാനും ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡും എഴുതിയ ന്യൂനപക്ഷ വിധി പത്ര-ദൃശ്യമാധ്യമങ്ങളില്‍ കൂടി വ്യാപക പ്രചാരണം നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യപ്രകാരമുള്ള നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കണമെന്നും ബിന്ദു അമ്മിണി ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
ശബരിമല ദര്‍ശനം തടയപ്പെട്ടതിന് ചിഫ് സെക്രട്ടറി അടക്കമുള്ളവര്‍ക്കെതിരെ കോടതി അലക്ഷ്യ ഹര്‍ജി നല്‍കുമെന്നായിരുന്നു മുമ്ബ് ബിന്ദു അമ്മിണി മാധ്യമങ്ങളോട് പറഞ്ഞിരുന്നത്. എന്നാല്‍ അത്തരമൊരു കോടതി അലക്ഷ്യ ഹര്‍ജിയല്ല ഇപ്പോള്‍ ബിന്ദു സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ ക്രിസ്മസ് അവധിക്ക് മുമ്ബുതന്നെ ഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയ്ക്ക് വരും. ഡിസംബര്‍ 17ന് മുമ്ബ് തന്നെ ഹര്‍ജികള്‍ കോടതി പരിഗണനയ്ക്ക് എടുത്തേക്കുമെന്നാണ് സുപ്രീംകോടതി രജിസ്ട്രിയില്‍ നിന്ന് ലഭിക്കുന്ന സൂചന. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെയാണ്.