മകനോടൊപ്പം ബൈക്കില്‍ സഞ്ചരിക്കവെ ബൈക്ക് മറിഞ്ഞ് ബസിനടിയില്‍പ്പെട്ട് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
കോഴിക്കോട്: മകനോടൊപ്പം സഞ്ചരിക്കവെ നിയന്ത്രണം വിട്ട ബൈക്ക് തെന്നി മറിഞ്ഞ് ബസിനടിയില്‍പെട്ട് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. കോഴിക്കോട് കരുവിശ്ശേരി സ്വദേശി കോലഞ്ചേരി ജയശ്രീ (48) ആണ് മരിച്ചത്. കോഴിക്കോട് സ്റ്റേഡിയം ജങ്ഷന് സമീപം രാജാജി റോഡില്‍ ഇന്ന് രാവിലെയാണ് അപകടം നടന്നത്.
ഇവര്‍ സഞ്ചരിച്ച ബൈക്ക് തെന്നി മറിഞ്ഞ് അതേ ദിശയില്‍ പോകുകയായിരുന്ന ബസ്സിനടിയിലേക്ക് വീഴുകയായിരുന്നു. ജയശ്രീയുടെ ശരീരത്തിലൂടെ ബസിന്റെ ടയര്‍ കയറിയിറങ്ങി. ഇവര്‍ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. മകന്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. നഗരത്തിലെ ഒരു തുണിക്കടയില്‍ ജീവനക്കാരനാണ് അപകടത്തില്‍പ്പെട്ട യുവാവ്. ഇയാളെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊയിലാണ്ടിയിലേക്ക് പോകുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. ഏഴ് വര്‍ഷത്തോളമായി കോഴിക്കോട് അയ്യത്താന്‍ സ്‌കൂളിലെ ജീവനക്കാരിയാണ് ജയശ്രീ. പീതാംബരന്‍ ആണ് ഭര്‍ത്താവ്.