മരണവീട്ടിലേക്കുള്ള റീത്തുമായി വരികയായിരുന്ന വിദ്യാര്‍ത്ഥി വാഹനാപകടത്തില്‍ മരിച്ചു
എഴുകോണ്‍: മരണവീട്ടിലേയ്ക്കുള്ള റീത്തുമായി ബൈക്കില്‍ വരികയായിരുന്ന യുവാവ് അപകടത്തില്‍ മരിച്ചു. വെള്ളിമണ്‍ ഇടവട്ടം ചുഴുവന്‍ചിറ സജീഷ് ഭവനില്‍ സജീഷ് കുമാറിന്റെ മകന്‍ യദുകൃഷ്ണ(17)നാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന 13 കാരനെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊട്ടിയം ശ്രീനാരായണ പോളിടെക്നിക്കിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായ യദുകൃഷ്ണന്‍ പൂക്കടയില്‍ സഹായിയായിക്കൂടി ജോലി ചെയ്യുന്നുണ്ട്.
ശിവഗിരി-പാങ്ങോട് സംസ്ഥാന പാതയില്‍ കരീപ്ര നടമേല്‍ ജങ്ഷന് സമീപത്തായിരുന്നു അപകടം. മൂന്നിലുണ്ടായിരുന്ന സ്‌കൂട്ടര്‍ ഇടറോഡിലേയ്ക്ക് തിരിയുന്നതു കണ്ട് ബ്രേക്ക് ചെയ്ത് ബൈക്ക് നിയന്ത്രണംവിട്ട് സ്‌കൂട്ടറിലും തുടര്‍ന്ന് വൈദ്യുത തൂണിലും ഇടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. പരിക്കേറ്റ യദുകൃഷ്ണനെ മീയണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും വൈകിട്ട് മൂന്നു മണിയോടെ മരിച്ചു.