റിയ ചക്രവര്‍ത്തി ദുര്‍മന്ത്രവാദം നടത്തിയിരുന്നുവെന്ന് സുശാന്തിന്റെ അടുത്ത സുഹൃത്തിന്റെ വെളിപ്പെടുത്തല്‍; റിയക്കായി തെരച്ചില്‍ ഊര്‍ജിതമാക്കി ബീഹാര്‍ പോലീസ്
മുംബൈ: സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണത്തില്‍ നടി റിയ ചക്രവര്‍ത്തിയെ കണ്ടെത്താനുള്ള തിരച്ചില്‍ ബിഹാര്‍ പോലീസ് ഊര്‍ജിതമാക്കി. റിയ ചക്രവര്‍ത്തി മുന്നോട്ട് വരണമെന്ന് ബിഹാര്‍ ഡി.ജി.പി ഗുപ്തേശ്വര്‍ പാണ്ഡെ ആവശ്യപ്പെട്ടു. സുപ്രധാന രേഖകള്‍ മുംബൈ പോലീസ് കൈമാറുന്നില്ലെന്ന് ബിഹാര്‍ അന്വേഷണസംഘം കുറ്റപ്പെടുത്തി. അതേസമയം, റിയ ദുര്‍മന്ത്രവാദം നടത്തുമായിരുന്നുവെന്ന് സുശാന്തിന്റെ അടുത്ത സുഹൃത്തും ആരോപിച്ചു.
സുശാന്തിന്റെ മരണത്തില്‍ ആത്മഹത്യ പ്രേരണ അടക്കം കുറ്റങ്ങള്‍ ചുമത്തപ്പെട്ട നടി റിയ ചക്രവര്‍ത്തിയെ കണ്ടെത്താന്‍ ബിഹാര്‍ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. തിരച്ചില്‍ ഊര്‍ജിതമായി തുടരുന്നതിനിടെയാണ്, നടി അന്വേഷണവുമായി സഹകരിക്കണമെന്ന് ബിഹാര്‍ ഡി.ജി.പി ഗുപ്തേശ്വര്‍ പാണ്ഡെ ആവശ്യപ്പെട്ടത്.
ഒളിച്ചുകളിയുടെ കാര്യമെന്തെന്നും സ്വകാര്യ ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ ബിഹാര്‍ ഡി.ജി.പി ചോദിച്ചു. ഇതിനിടെ, മുംബൈയില്‍ തങ്ങുന്ന ബിഹാര്‍ പൊലീസ് അന്വേഷണ സംഘം കൂടുതല്‍ പേരുടെ മൊഴി രേഖപ്പെടുത്തി. മുംബൈ പൊലീസ് സുപ്രധാന വിവരങ്ങളും, നിര്‍ണായക രേഖകളും കൈമാറാന്‍ തയാറായിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
സുശാന്ത് കടുത്ത മാനസിക സമ്മര്‍ദ്ദം അനുഭവിച്ചിരുന്നുവെന്ന് തെറാപ്പിസ്റ്റ് സൂസന്‍ വാക്കര്‍ വ്യക്തമാക്കി. റിയ ചക്രവര്‍ത്തി ദുര്‍മന്ത്രവാദം നടത്തുമായിരുന്നുവെന്ന് സുശാന്തിന്റെ അടുത്ത സുഹൃത്ത് ക്രിസാന്‍ ബരെറ്റൊ ആരോപിച്ചു. നടന്റെ മുന്‍ ഓഫീസ് ജീവനക്കാരനും നേരത്തെ ഇതേ ആരോപണം ഉന്നയിച്ചിരുന്നു.