NationalNews

ജ്വല്ലറിയിൽ കവർച്ച; ബൈക്ക് ചേസിങ്, വെടിവെപ്പ്, സിനിമാ സ്റ്റൈലിൽ പ്രതികളെ കുടുക്കി പോലീസ്

പാറ്റ്‌ന: ബിഹാറിലെ ഗോപാലി ചൗക്കിലെ ജ്വല്ലറിയില്‍ മോഷണം നടത്തിയ പ്രതികളെ സിനിമ സ്റ്റൈല്‍ ഓപ്പറേഷനിലൂടെ പിടികൂടി പോലീസ്. വാഹനത്തിലെ ചേസിങ്ങും പരസ്പരമുള്ള വെടിവയ്പ്പും ഉള്‍പ്പെടെ സാഹസികവും നാടകീയവുമായ രംഗങ്ങളിലൂടെയാണ് പോലീസ് മോഷ്ടാക്കളെ കീഴടക്കിയത്. രാവിലെ 10.30-ഓടെ ജ്വല്ലറിയില്‍ എത്തിയ ആറംഗ സംഘം ജീവനക്കാരെ തോക്കുചൂണ്ടി ഭീഷണിപെടുത്തിയ ശേഷം 24 കോടി രൂപ മൂല്യമുള്ള സ്വര്‍ണവും കുറെയേറെ പണവുമാണ് മോഷ്ടിച്ചത്.

ബിഹാറിലെ അറഹ് ടൗണിലെ വ്യാപാര മേഖലയാണ് ഗോപാലി ചൗക്ക്. ഈ മേഖലയിലെ ഏറ്റവും വലിയ ജ്വല്ലറികളില്‍ ഒന്നില്‍ നടന്ന കൊള്ള നാടിനെ ഒന്നടങ്കം നടുക്കുന്നതായിരുന്നു. മോഷണത്തിലും ഒരു സിനിമ സ്‌റ്റൈല്‍ ഉണ്ടായിരുന്നു. ആറ് പ്രതികളും രാവിലെ ജ്വല്ലറിയിലെത്തി.

ജ്വല്ലറിയുടെ നിയമം അനുസരിച്ച് നാല് പേരില്‍ കൂടുതലുള്ള സംഘത്തിന് പ്രവേശനം നല്‍കില്ല. അതിനാല്‍ കുറച്ചുപേര്‍ വീതമാണ് അകത്ത് പോകാന്‍ അനുവദിച്ചത്. ആറാമത്തെ ആളും അകത്തെത്തിയതോടെ അയാള്‍ ജീവനക്കാര്‍ക്ക് നേരെ തോക്ക് ചൂണ്ടുകയായിരുന്നു.

സുരക്ഷ ജീവനക്കാരന്റെ തോക്കും ഇവര്‍ പിടിച്ചുവാങ്ങി. പിന്നീട് കടയിലുണ്ടായിരുന്ന ജീവനക്കാരോടും മറ്റ് ഉപയോക്താക്കളോടും കൈകള്‍ ഉയര്‍ത്താന്‍ ആജ്ഞാപിച്ച ശേഷം മാലകള്‍, വളകള്‍, നെക്ലേസുകള്‍ തുടങ്ങിയ സ്വര്‍ണാഭരണങ്ങളും വജ്രവും ഉള്‍പ്പെടെ മോഷ്ടിച്ച വസ്തുക്കള്‍ പൊതിഞ്ഞ് ബാഗുകളിലാക്കി രക്ഷപ്പെടുകയായിരുന്നു. ഏകദേശം 24 കോടി രൂപയുടെ വസ്തുക്കള്‍ കൊള്ളയടിച്ചിട്ടുണ്ടെന്നാണ് ജീവനക്കാര്‍ നല്‍കുന്ന പ്രാഥമിക വിവരം.

മോഷ്ടാക്കള്‍ രക്ഷപ്പെട്ടതിന് പിന്നാലെ ജ്വല്ലറി ജീവനക്കാര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ജ്വല്ലറിയില്‍ എത്തിയ പോലീസ് ആദ്യം സി.സി.ടി.വി. പരിശോധിച്ചു. ഇതില്‍ നിന്നുള്ള ചിത്രങ്ങള്‍ എടുത്ത ശേഷം ജില്ലയിലെ മുഴുവന്‍ പോലീസ് സ്‌റ്റേഷനുകളിലേക്കും മോഷണം വിവരവും കുറ്റവാളികളുടെ ചിത്രങ്ങളും കൈമാറി. ഈ അറിയിപ്പ് അനുസരിച്ച് എല്ലാ പോലീസ് സ്‌റ്റേഷനുകളില്‍ നിന്നും ഓരോ ട്രൂപ്പ് വീതം വാഹനപരിശോധനയ്ക്ക് ഇറങ്ങി.

പരിശോധനയ്ക്കിടെയാണ് അറഹ്-ബാബുറ റോഡിയില്‍ മൂന്ന് ബൈക്കുകള്‍ അമിതവേഗത്തില്‍ വരുന്നത് പോലീസിന്റെ ശ്രദ്ധയില്‍പെട്ടത്. വാഹനം നിര്‍ത്താന്‍ കൈകാണിച്ചെങ്കില്‍ ഇവര്‍ പോലീസിനെ മറികടന്ന് രക്ഷപ്പെടുകയായിരുന്നു. ഇതോടെ, സിനിമ സ്റ്റൈല്‍ ചേസിങ് ആരംഭിച്ചു.

പോലീസ് പിന്നാലെയുണ്ടെന്ന് മനസിലാക്കിയ മോഷ്ടാക്കള്‍ ഒരു കൃഷിയിടത്തിലേക്ക് വാഹനം ഇറക്കി ഓടിച്ച് പോയി‌. ഇവിടെയും പോലീസ് പിന്തുടരുന്നുണ്ടെന്ന് മനസിലാക്കിയതോടെ പ്രതികൾ പോലീസ് വാഹനത്തിന് നേരെ വെടിയുതിര്‍ത്തു.

പ്രത്യാക്രമണം എന്ന നിലയില്‍ പോലീസും തിരിച്ച് വെടിവെച്ചു. ബൈക്കുകളില്‍ ഉണ്ടായിരുന്ന രണ്ട് മോഷ്ടാക്കളുടെ കാലുകളിലാണ് പോലീസിന്റെ വെടിയുണ്ട തറച്ചത്. വിശാല്‍ ഗുപ്ത, കുനാല്‍ കുമാര്‍ എന്നിവര്‍ക്കാണ് വെടിയേറ്റത്. ഇവരെ പോലീസ് അറസ്റ്റ് ചെയ്തു. മോഷണം പോയ 24 കോടി രൂപയുടെ സ്വര്‍ണത്തില്‍ 15 കോടി രൂപയോളം മൂല്യമുള്ള സ്വര്‍ണം ഇവരുടെ കൈയില്‍ നിന്നും പോലീസ് വീണ്ടെടുത്തു. രണ്ടും തോക്കുകളും വെടിയുണ്ടകളും ഇവരുടെ കൈയില്‍ നിന്നും പിടിച്ചെടുത്തിട്ടുണ്ട്.

മൂന്ന് ബൈക്കുകളിലായി ആറുപേരടങ്ങുന്ന സംഘമാണ് മോഷണത്തിന് എത്തിയത്. ഇവരില്‍ രണ്ടുപേരെ മാത്രമാണ് പോലീസിന് പിടികൂടാന്‍ സാധിച്ചത്. മറ്റ് പ്രതികള്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയതായി പോലീസ് അറിയിച്ചു. സി.സി.ടി.വി. ദൃശ്യങ്ങളില്‍ നിന്ന് ലഭിച്ചിട്ടുള്ള ദൃശ്യങ്ങളിലെ ചിത്രങ്ങള്‍ സംസ്ഥാനത്തിലെ വിവിധ പോലീസ് സ്‌റ്റേഷനുകളിലേക്ക് അയച്ചിട്ടുണ്ട്. ഇവരെ ഉടന്‍ പിടികൂടാന്‍ സാധിക്കുമെന്ന് പോലീസ് അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker