കമല്‍ഹാസന്‍-ശങ്കര്‍ ചിത്ര്യ ഇന്ത്യന്‍ 2ന്റെ ചിത്രീകരണ വേദിയില്‍ അപകടമുണ്ടായ സംഭവത്തിന് പിന്നാലെ ആ സെറ്റില്‍ പ്രേതബാധ ഉണ്ടെന്നും അവിടെ ചിത്രീകരണം നടത്തരുതെന്നും ആവശ്യപ്പെട്ട് ബിഗില്‍ താരം അമൃത. ബിഗില്‍ സിനിമ ഇവിടെ ചിത്രീകരിക്കുമ്പോഴും സമാനമായ അപകടം നടന്നത് ചൂണ്ടിക്കാട്ടിയാണ് അമൃത ഇക്കാര്യം പറഞ്ഞിരിക്കുന്നത്. പൂനമല്ലി നസറത്ത് പേട്ടയിലെ ഇവിപി ഫിലിംസിറ്റിയില്‍ ആണ് അപകടം നടന്നത്. നേരത്തേ വിജയ് നായകനായ ബിഗില്‍ സിനിമ നടക്കുന്നതിനിടയില്‍ അപകടം ഉണ്ടായിരുന്നു. ”പേടിപ്പെടുത്തുന്നതാണ് ആ സ്ഥലം. ഇതുപോലൊരു ലൈറ്റാണ് അന്നും പൊട്ടിവീണത്. ഇപ്പോഴത്തെ പോലെ തന്നെയായിരുന്നു അന്ന് ഞങ്ങളുടെയും അവസ്ഥ. അവിടെ നെഗറ്റീവ് ശക്തി എന്തോ ഉണ്ട്. അവിടെ സിനിമ ചിത്രീകരിക്കാന്‍ പോകരുതെന്ന് ഞാന്‍ അപേക്ഷിക്കുകയാണ്.” താരം ട്വിറ്ററില്‍ കുറിച്ചു.
കമല്‍ഹാസന്‍ ശങ്കര്‍ കൂട്ടുകെട്ടിന്റെ രണ്ടാമത്തെ ചിത്രമായ ഇന്ത്യന്‍ ടൂവിന്റെ ചിത്രീകരണം നടന്നു വരുന്ന സമയത്ത് ക്രെയിന്‍ പൊട്ടിവീണ് സംവിധാന സഹായികളായ മധു (29) കൃഷ്ണ (34) നൃത്തസംവിധായകന്‍ ചന്ദ്രന്‍ (60) എന്നിവരായിരുന്നു മരണമടഞ്ഞത്. ശങ്കര്‍ ഉള്‍പ്പെടെ 11 പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഒരു ഗാനരംഗം ചിത്രീകരിക്കാനുള്ള തയ്യാറെടുപ്പിന് മൂന്നോടിയായി ഇന്നലെ വൈകിട്ട് മുതല്‍ സെറ്റ് ഇടുന്ന ജോലി നടക്കുന്നതിനിടയില്‍ ക്രെയിന് മുകളില്‍ കെട്ടിയിരുന്ന ഭാരമേറിയ ലൈറ്റുകള്‍ ചെരിഞ്ഞു വീഴുക ആയിരുന്നു. ക്രെയിന്റെ അടിയില്‍ പെട്ടായിരുന്നു മൂന്നു പേരും മരിച്ചത്.