രാജ്യത്ത് പ്രതിഷേധം കത്തിപ്പടരുന്നു; ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് അറസ്റ്റില്‍
ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് പ്രതിഷേധം കത്തിപ്പടരുന്നു. പൗരത്വഭേയമത്തിനെതിരെ ഡല്‍ഹി ജുമാ മസ്ജിദിന് മുന്‍പില്‍ പ്രതിഷേധിച്ച ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്ന് പുലര്‍ച്ചെ മൂന്നരയോടെയാണ് അറസ്റ്റ്. അറസ്റ്റിന് മുന്‍പ് ജുമാ മസ്ജിദിന് മുന്‍പില്‍ നിന്നും പ്രവര്‍ത്തകരെ പോലീസ് ഒഴിപ്പിച്ചിരുന്നു. ഡല്‍ഹി ക്രൈംബ്രാഞ്ച് ഓഫീസിലേക്കാണ് ആസാദിനെ കൊണ്ടുപോയത്.
ഇന്നലെ ദാരിയഗഞ്ചിലുണ്ടായ സംഘള്‍ഷത്തിന്റെ പേരില്‍ കുട്ടികളടക്കമുള്ള 42 പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇവരെ വിട്ടയക്കാമെങ്കില്‍ കിഴടങ്ങാമെന്ന് ചന്ദ്രശേഖര്‍ ആസാദ് പോലീസിനെ അറിയിക്കുകയായിരുന്നു. പൗരത്വ നിയമ ഭേദഗതിയില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്‍വാങ്ങണമെന്ന് ചന്ദ്രശേഖര്‍ ആസാദ് ആവശ്യപ്പെട്ടു. അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് ആര്‍എസ് എസ് ആണെന്നും ആസാദ് പറഞ്ഞു.
പൗരത്വ നിയമ ഭേദഗതിക്കെതിരെ ഇന്നലെ ചന്ദ്രശേഖര്‍ ആസാദ് പ്രഖ്യാപിച്ച റാലിക്ക് നേരെ പോലീസ് അതിക്രമവുമുണ്ടായി. പോലീസ് ലാത്തി ചാര്‍ജില്‍ രണ്ട് മാധ്യമപ്രവര്‍ത്തകര്‍ക്കടക്കം നൂറിലധികം പേര്‍ക്ക് പരിക്കേറ്റു. ഒരു കാര്‍ അഗ്‌നിക്കിരയായി. പതിനായിരക്കണക്കിന് പേരാണ് റാലിയില്‍ അണിചേര്‍ന്നത്. സംഘര്‍ഷത്തെത്തുടര്‍ന്ന് കുട്ടികളും സ്ത്രീകളുമടക്കമുള്ളവരെ പോലീസ് കസ്റ്റഡിയിലെടുത്തെന്ന് പരാതി. ഇവര്‍ക്ക് നിയമസഹായം നിഷേധിക്കുന്നുവെന്നും അഭിഭാഷകര്‍ ആരോപിച്ചു.
12 ഇടത്ത് പ്രഖ്യാപിച്ച നിരോധനാജ്ഞ മറികടന്ന് നടത്തിയ മാര്‍ച്ച് പോലീസ് ഡല്‍ഹി ഗേറ്റില്‍ തടഞ്ഞു. പിരിഞ്ഞുപോയ പ്രതിഷേധക്കാര്‍ വീണ്ടും തടിച്ചുകൂടിതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. അതിനിടെ ആസാദിനെ കസ്റ്റഡിയില്‍ എടുത്തെങ്കിലും അവിടെ നിന്ന് രക്ഷപ്പെട്ട അദ്ദേഹം വീണ്ടും റാലിയിലേക്ക് എത്തുകയായിരുന്നു.