ഞങ്ങൾ തല്ലുകൂടി; റിമി കരഞ്ഞു; പക്ഷെ ആ റൂമിൽ നിന്നും പോയില്ല; അവളോടന്ന് പറഞ്ഞത്; ഭാവനയുടെ വാക്കുകൾ
കൊച്ചി:വർഷങ്ങളായി സിനിമാ രംഗത്തുള്ള ഭാവനയ്ക്ക് ഇൻഡസ്ട്രിയിൽ നിരവധി അടുത്ത സുഹൃത്തുക്കളുണ്ട്. സഹപ്രവർത്തകരിൽ ഭൂരിഭാഗം പേർക്കും ഭാവന പ്രിയങ്കരിയാണ്. പെട്ടെന്ന് സൗഹൃദത്തിലാകുന്ന ഭാവനയുടെ പ്രകൃതത്തെക്കുറിച്ച് നിരവധി പേർ സംസാരിച്ചിട്ടുണ്ട്.
അതേസമയം ഇന്ന് അടുത്ത സുഹൃത്തുക്കളായി ഒരുപാട് പേരില്ലെന്നും തന്റേതായ ഒരു സൗഹൃദവലയമാണുള്ളതെന്നും ഭാവന അടുത്തിടെ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനിടെ വലിയൊരു ഇടവേളയും നടിയുടെ കരിയറിൽ വന്നു. അഞ്ച് വർഷത്തോളം മലയാള സിനിമാ രംഗത്ത് നിന്നും മാറി നിന്ന നടി ന്റിക്കാക്കൊരു പ്രേമണ്ടാർന്ന് എന്ന സിനിമയിലൂടെയാണ് തിരിച്ചെത്തിയത്.
പ്രതിസന്ധി ഘട്ടങ്ങളെ അതിജീവിച്ച് മുന്നോട്ട് വരാൻ കഴിഞ്ഞ ഭാവന ഇന്ന് സിനിമാ രംഗത്ത് സജീവമാണ്. നടിയുടെ ഒന്നിലേറെ സിനിമകൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്. ഭാവനയുടെ ഒരു കാലത്തെ അടുത്ത സുഹൃത്തായിരുന്നു ഗായിക റിമി ടോമി. ഇരുവരും ഏകദേശം ഒരേ കാലഘട്ടത്തിലാണ് കരിയർ തുടങ്ങുന്നത്. ഭാവനയുടെ ഒന്നിലേറെ സിനിമകളിൽ റിമി ടോമി പാടിയിട്ടുണ്ട്. വിദേശ ഷോകളും മറ്റും ചെയ്യുമ്പോഴാണ് ഇരുവരും കൂടുതൽ അടുത്തത്. റിമി ടോമിയെക്കുറിച്ച് മുമ്പൊരിക്കൽ ഭാവന പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.
‘ഞങ്ങൾ യുഎസ് ട്രിപ്പിന് പോയപ്പോൾ ഐസ്ക്രീം വാങ്ങിക്കണം. ഐസ്ക്രീം വിൽക്കുന്നയാളെ ഹലോ എന്ന് പറഞ്ഞ് റിമി കൈ കൊണ്ട് വിളിച്ചു. അപ്പോൾ അവർ വന്നില്ല. നീ അങ്ങനെ വിളിക്കാൻ പാടില്ല, നിനക്ക് ഐസ്ക്രീം വേണമെങ്കിൽ അവിടെ പോയി പറഞ്ഞ് ബിൽ ചെയ്യണം, അല്ലാതെ ഹലോ ഇങ്ങോട്ട് വന്നേ എന്നൊന്നും വിളിക്കാൻ പാടില്ലെന്ന് ഞാൻ പറഞ്ഞു. അപ്പോൾ എന്നോട് മിണ്ടിയില്ല. പിന്നെ നോക്കുമ്പോൾ ഐസ്ക്രീം തിന്ന് കൊണ്ടിരിക്കെ കണ്ണിൽ നിന്ന് കുടുകുടെ വെള്ളം വരുന്നു’
‘ചെറിയ കാര്യങ്ങൾക്ക് വരെ കരയുന്ന ആളാണ് റിമി. പക്ഷെ തീറ്റയ്ക്ക് ഒരു കുറവും. ഇല്ല. കരഞ്ഞ് കൊണ്ട് തിന്ന് കൊണ്ടിരിക്കുകയാണ്. അതുപോലെ മറ്റൊരിക്കൽ തല്ലുകൂടി. അന്ന് ഒരു കിലോ പ്ലം വാങ്ങിയിട്ടുണ്ട്. ഞങ്ങൾ തല്ലുകൂടി റിമി ഭയങ്കര കരച്ചിലാണ്. എന്റെ കൂടെ തല്ലുകൂടിയാൽ ആ റൂമിൽ നിന്ന് ഇറങ്ങിപ്പോകണ്ടേ, അതൊന്നും ഇല്ല. അവിടെ ഇരുന്ന് ആ ഒന്നരക്കിലോ പ്ലം കഴിച്ചു. ആ പ്ലം മുഴുവൻ തീർത്തിട്ട് ഞാൻ പോവാ എന്ന് പറഞ്ഞ് പോയി. എന്ത് കരച്ചിലായാലും സുനാമി വന്നാലും ഭക്ഷണക്കാര്യം കളഞ്ഞ് റിമി ഒന്നും ചെയ്യില്ല,’ ഭാവന പറഞ്ഞതിങ്ങനെ.
റിമി ടോമി അതിഥിയായെത്തി മഴവിൽ മനോരമ ചെയ്ത ഷോയിലാണ് ഗായികയെക്കുറിച്ച് ഭാവന അന്ന് സംസാരിച്ചത്. ഭാവനയെക്കുറി്ചും റിമിയും അന്ന് സംസാരിച്ചു. ഭാവന നല്ലൊരു സുഹൃത്താണ്. എപ്പോഴും ഒരു പോസിറ്റീവ് എനർജിയാണ് അവളിൽ. എപ്പോഴും നല്ല ഉപദേശങ്ങൾ തരുന്ന ആളാണ് ഭാവനയെന്നും റിമി ടോമി അന്ന് പറഞ്ഞു.
രണ്ട് പേരും ഇന്ന് കരിയറിൽ തങ്ങളുടേതായ തിരക്കുകളിലാണ്. റിമി സ്റ്റേജ് ഷോകളും പാട്ടുമായി തിരക്കിലാണ്. ഭാവനയ്ക്ക് മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലും തിരക്കേറുന്നു. റാണിയാണ് മലയാളത്തിൽ ഭാവനയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. നടിയുടെ പുതിയ സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.