KeralaNews

കാത്തിരിപ്പിന് വിരാമം; ബെവ്ക്യൂ ആപ്പ് പ്ലേസ്‌റ്റോറില്‍, രണ്ടു ദിവസം കാെണ്ട് 1.4 മില്യൺ ഡൗൺലോഡുകൾ, പ്ലേസ്റ്റോറിൽ വൻ കുതിപ്പ്

തിരുവനന്തപുരം: ദിവസങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ ബെവ്ക്യൂ ആപ്പ് പ്ലേസ്റ്റോറില്‍ ലഭ്യമായി. ആപ്പിന്റെ പ്ലേസ്റ്റോര്‍ ഇന്‍ഡക്‌സ് നടപടികള്‍ പൂര്‍ത്തിയായതോടെ പ്ലേസ്റ്റോറില്‍ സെര്‍ച്ച് ചെയ്താല്‍ കിട്ടും. നേരത്തേ ലിങ്കുകള്‍ വഴിമാത്രമായിരുന്നു ആപ്പ് ലഭിച്ചത്. ഇന്‍ഡക്‌സ് നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സാധാരണ മൂന്നുദിവസം വേണ്ടിവരും. ഈ കാലതാമസം മൂലമായിരുന്നു സെര്‍ച്ച് ചെയ്താല്‍ കിട്ടാതിരുന്നത്.

മൂന്ന് ദിവസം പിന്നിടും മുന്‍പേ പ്ലേ സ്റ്റോറില്‍ നിന്നും 14 ലക്ഷത്തിലേറെ ആളുകള്‍ ബെവ്ക്യൂ ആപ്പ് ഡൗണ്‍ലോഡ് ചെയ്തതായി ആപ്പിന്റെ നിര്‍മ്മാതാക്കളായ ഫെയര്‍കോഡ് ടെക്‌നോളജീസ് അറിയിച്ചു. ഇന്നലെ വൈകിട്ട് ബുക്കിംഗ് ആരംഭിച്ച് രണ്ട് മണിക്കൂറിനകം 4.05 ലക്ഷം ടോക്കണുകളാണ് ഇന്നത്തേക്കായി വിതരണം ചെയ്തത്.

ഇന്നത്തേക്ക് അനുവദിച്ച 96 ശതമാനം ടോക്കണുകളും ഇതിനോടകം വിതരണം ചെയ്തു കഴിഞ്ഞു. സംസ്ഥാനത്തെ എല്ലാ ബെവ്‌കോ- കണ്‍സ്യൂമര്‍ ഫെഡ് മദ്യശാലകളിലേക്കും മുഴുവന്‍ ബീര്‍-വൈന്‍ പാര്‍ലറുകളിലേക്കും ഇന്ന് ടോക്കണ്‍ വിതരണം നടന്നിട്ടുണ്ട്. ആപ്പ് വഴിയും എസ്എംഎസിലൂടെയുമായി 27 ലക്ഷം ആളുകളാണ് ബെവ്ക്യൂ പ്ലാറ്റ്‌ഫോമില്‍ ഇതിനോടകം രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നും ഫെയര്‍കോഡ് കമ്പനി അറിയിച്ചു. ബെവ്ക്യൂ ആപ്പിലെ എല്ലാ സജ്ജീകരണങ്ങളും ബെവ്‌കോ നിര്‍ദേശപ്രകാരമാണ് ഒരുക്കിയതെന്നും കമ്പനി വ്യക്തമാക്കി.

അതേസമയം മദ്യം വാങ്ങാന്‍ ദൂരസ്ഥലത്തുള്ള മദ്യശാലകളിലേക്ക് ടോക്കണ്‍ കിട്ടുന്നതായി ഉപഭോക്താകള്‍ പരാതിപ്പെടുന്നുണ്ടെന്നും ആപ്പില്‍ നല്‍കുന്ന പിന്‍കോഡിന് ഇരുപത് കിലോമീറ്റര്‍ ചുറ്റളിവലുള്ള മദ്യശാലകളിലേക്കാണ് ടോക്കണ്‍ നല്‍കുന്നതിനാലാണ് ഇങ്ങനെ സംഭവിക്കുന്നതെന്നും ഫെയര്‍കോഡ് ടെക്‌നോളജീസ് വിശദീകരിക്കുന്നു. ബെവ്‌കോ മദ്യശാലകളിലും ബാറുകളിലും ഒരേ പോലെ ഉപഭോക്താകളെ എത്തിക്കാനാണ് ബെവ്‌കോ നിര്‍ദേശ പ്രകാരം ഇങ്ങനെയൊരു സജ്ജീകരണം ഒരുക്കിയിരിക്കുന്നതെന്നും കമ്പനി വിശദീകരിക്കുന്നു. ആദ്യഘട്ടത്തില്‍ പിന്‍കോഡിന് ഏറ്റവും അടുത്തുള്ള മദ്യശാലയിലേക്കാണ് ടോക്കണ്‍ നല്‍കിയിരുന്നത്. ബെവ്‌കോ ചില്ലറ വില്‍പനശാലകളിലും പഞ്ചനക്ഷത്ര ഹോട്ടലുകളിലും മദ്യത്തിന് ഒരേ വിലയാണെന്നും അതിനാല്‍ ഫൈവ് സ്റ്റാര്‍ ഹോട്ടലുകളിലെ ബാറില്‍ പോകാന്‍ വിമുഖത കാണിക്കേണ്ടതില്ലെന്നും കമ്പനി പറയുന്നു.

ആപ്പുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെല്ലാം ഇതിനോടകം പരിഹരിച്ചിട്ടുണ്ടെന്നും ഇപ്പോഴും ആര്‍ക്കെങ്കിലും തടസം നേരിടുന്നുവെങ്കില്‍ ആപ്പ് അണ്‍ ഇന്‍സ്റ്റാള്‍ ചെയ്തു വീണ്ടും ഉപയോഗിക്കുകയോ അല്ലെങ്കില്‍ ആപ്പ് ഡാറ്റ് ക്ലിയര്‍ ചെയ്ത് ഉപയോഗിക്കുകയോ വേണമെന്നും കമ്പനി അറിയിച്ചു. മദ്യം വാങ്ങാന്‍ പലര്‍ക്കും സൗകര്യപ്രദമായ സമയം കിട്ടുന്നില്ലെന്ന പരാതി ലഭിച്ചിട്ടുണ്ടെന്നും. തിരക്ക് കുറയ്ക്കാന്‍ താത്കാലികമായി മാത്രമാണ് ഇങ്ങനെ ചെയ്യുന്നതെന്നും അടുത്ത ഘട്ടം മുതല്‍ മദ്യം വാങ്ങേണ്ട സമയം ഉപഭോക്താക്കള്‍ക്ക് തെരഞ്ഞെടുക്കാന്‍ അവസരം കിട്ടുമെന്നും കമ്പനി വ്യക്തമാക്കി.

അതേസമയം,മദ്യവിതരണത്തിലെ ആശയക്കുഴപ്പം തീര്‍ക്കാന്‍ ബദല്‍ സംവിധാനവുമായി ബെവ് കോ രംഗത്തെത്തിയിട്ടുണ്ട്. ക്യൂ.ആര്‍ കോഡ് സ്‌കാനിംഗിന് പകരം ആപ്പില്‍ ബുക്ക് ചെയ്തവരുടെ പട്ടിക ഔട്ട് ലെറ്റുകള്‍ക്ക് നല്‍കും. ക്യൂര്‍ ആര്‍ കോഡ് വെരിഫിക്കേഷന് പകരം ഈ പട്ടിക നോക്കി ബുക്ക് ചെയ്തവര്‍ക്ക് മദ്യം നല്‍കനാണ് ഇപ്പോഴത്തെ തീരുമാനം.താല്‍ക്കാലിക സംവിധാനമാണിത്. ബെവ് ക്യൂ ആപ്പ് തകരാറിലായതോടെയാണ് പകരം സംവിധാനം അധികൃതര്‍ ഏര്‍പ്പെടുത്തിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker