ബെംഗളൂരു: ഇന്ത്യൻ സൂപ്പർ ലീഗിലെ നോക്കൗട്ട് മത്സരത്തിൽ തങ്ങൾ തന്നെയാണു വിജയം അർഹിച്ചിരുന്നതെന്ന് ബെംഗളൂരു എഫ്സി പരിശീലകൻ സൈമൺ ഗ്രേയ്സൻ. വെള്ളിയാഴ്ചത്തെ മത്സരത്തിനു ശേഷം നടത്തിയ വാർത്താ സമ്മേളനത്തിലാണ് സൈമൺ ഗ്രേസൻ നിലപാടു വ്യക്തമാക്കിയത്.
തന്റെ ഫുട്ബോൾ കരിയറിൽ ആദ്യമായാണു മത്സരം തീരുംമുൻപേ ഒരു ടീം ഗ്രൗണ്ട് വിടുന്നതു കാണുന്നതെന്നും ബെംഗളൂരു പരിശീലകൻ പറഞ്ഞു. നോക്കൗട്ടിൽ സുനിൽ ഛേത്രി കേരള ബ്ലാസ്റ്റേഴ്സിനെതിരെ നേടിയ ഗോൾ വിവാദമായതിന്റെ പശ്ചാത്തലത്തിലാണ് ബെംഗളൂരു പരിശീലകന്റെ വാക്കുകൾ.
‘‘സെമിയിലേക്ക് ഇത്തരത്തിലുള്ളൊരു പ്രവേശനമല്ല ഞങ്ങൾ ആഗ്രഹിച്ചത്. ഗ്രൗണ്ടിൽ സംഭവിച്ചത് എല്ലാവരും കണ്ടതാണ്. ഞങ്ങൾക്കു ഫ്രീകിക്ക് ലഭിച്ചു. ഡിഫൻസ് വാളോ, മറ്റു നിയന്ത്രണങ്ങളോ വേണ്ടെന്ന് സുനിൽ ഛേത്രി പറഞ്ഞു. റഫറി അതു സമ്മതിച്ചു. അഡ്രിയൻ ലൂണ ബ്ലോക്ക് ചെയ്യാന്‍ വരുന്നതിനായി ഞങ്ങൾ കാത്തിരുന്നു. പിന്നീടു ഗോൾ നേടി.’’– സൈമൺ പറഞ്ഞു.
‘‘ബ്ലാസ്റ്റേഴ്സിനെ പിടിച്ചുകെട്ടിയതിനൊപ്പം ഞങ്ങൾ മികച്ച അവസരങ്ങളും ഒരുക്കി. ഞങ്ങളാണ് വിജയം അർഹിച്ചിരുന്നത്. തുടർച്ചയായുള്ള വിജയത്തിൽ സന്തോഷമുണ്ട്.’’– ബെംഗളൂരു പരിശീലകൻ പറഞ്ഞു. എക്സ്ട്രാ ടൈമിൽ സുനിൽ ഛേത്രിയുടെ ഫ്രീകിക്ക് ഗോളിലാണ് ബ്ലാസ്റ്റേഴ്സിനെ തോൽപിച്ച് ബെംഗളൂരു സെമി ഉറപ്പിച്ചത്. തങ്ങൾ ഒരുങ്ങുന്നതിനു മുൻപേയാണ് ഛേത്രി ഫ്രീകിക്കെടുത്തതെന്ന് ബ്ലാസ്റ്റേഴ്സ് താരങ്ങൾ വാദിച്ചെങ്കിലും റഫറി അത് അംഗീകരിച്ചില്ല.