കേന്ദ്രം പ്രതികാരം തുടങ്ങി,ബംഗാളിന്റെ നിശ്ചലദൃശ്യത്തിന് റിപബ്ലിക് ദിനത്തില്‍ അനനുമതിയില്ല,പൗരത്വനിയമത്തിനെതിരായ പ്രതിഷേധത്തില്‍ സംസ്ഥാനത്തോട് പ്രതികാരം തീര്‍ക്കുന്നുവെന്ന് മമത ബാനര്‍ജി
ന്യൂഡല്‍ഹി: പശ്ചിമ ബംഗാളിന്റെ റിപ്പബ്ലിക്ക് ദിന പരേഡ് ടാബ്ലോയ്ക്ക് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ അനുമതി കിട്ടിയില്ല. അതേസമയം, കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നീക്കം പ്രതികാര നടപടിയാണെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി തുറന്നടിച്ചു. ബംഗാള്‍ സര്‍ക്കാരിന്റെ ടാബ്ലോ പ്രൊപ്പോസല്‍ രണ്ട് ഘട്ട യോഗങ്ങളില്‍ വിദഗ്ദ സമിതി പരിശോധിച്ചിരുന്നു. എന്നാല്‍ അവസാനം ചേര്‍ന്ന യോഗത്തില്‍ ബംഗാളിന്റെ ടാബ്ലോയ്ക്ക് സമിതി അനുമതി നിഷേധിക്കുകയായിരുന്നെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു. ജനുവരി 26 ന് ഡല്‍ഹിയില്‍ നടക്കാനിരിക്കുന്ന റിപ്പബ്ലിക്ക് ദിന പരേഡിന് അവതരിപ്പിക്കാനിരുന്ന ടാബ്ലോ അവതരണത്തിനാണ് കേന്ദ്രം അനുമതി നിഷേധിച്ചത്.
അതേസമയം, ബംഗാളിന്റെ ടാബ്ലോ നിരസിച്ചത് വിവേചനപരമായ തീരുമാനമാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എംപി സൗഗത റോയ് വാര്‍ത്താ ഏജന്‍സികളോട് പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ പൗരത്വ നിയമ ഭേദഗതിയും എന്‍ആര്‍സിയും നടപ്പിലാക്കില്ലെന്ന നിലപാട് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചതിനെ തുടര്‍ന്നാണ് ടാബ്ലോ നിരസിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
പൗരത്വ നിയമ ഭേദഗതി സര്‍ക്കാരിനെ പുറത്താക്കിയാലും ബംഗാളില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി കൊല്‍ക്കത്തയില്‍ നടന്ന വന്‍ പ്രതിഷേധറാലിയില്‍ പറഞ്ഞിരുന്നു. ‘നിങ്ങള്‍ക്ക് എന്റെ സര്‍ക്കാരിനെ പുറത്താക്കണമെങ്കില്‍ ആവാം. പക്ഷേ ബംഗാളില്‍ പൗരത്വ ബില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്നായിരുന്നു’ മമത പറഞ്ഞത്.
അതേസമയം, വിഷയം, ആശയം, രൂപകല്‍പ്പന, വിഷ്വല്‍ ഇംപാക്ട് എന്നിവയുടെ അടിസ്ഥാനത്തിലാണ് വിദഗ്ദ സമിതി തെരഞ്ഞെടുപ്പ് നടത്തിയതെന്ന് ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. പ്രത്യേകം തെരഞ്ഞെടുക്കപ്പെട്ട 16 സംസ്ഥാനങ്ങള്‍, കേന്ദ്ര ഭരണ പ്രദേശങ്ങള്‍, വിവിധ മന്ത്രാലയങ്ങള്‍ എന്നിവയില്‍ നിന്നുമായി 22 പ്രോപ്പോസലുകളാണ് പരേഡിനായി ആഭ്യന്തരമന്ത്രാലയം ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇതില്‍ നിന്നെല്ലാമായി 56 ടാബ്ലോകളാണ് തെരഞ്ഞെടുക്കപ്പെട്ടത്. അതില്‍ തന്നെ 32 എണ്ണം വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയുമാണ്.