NationalNews

‘സി.വി ആനന്ദബോസ്‌ ജെയിംസ് ബോണ്ടിനെ പോലെ’; വി.സി നിയമനത്തിൽ ഗവർണറെ വിമർശിച്ച് ബംഗാൾ മന്ത്രി

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ഏഴ് സര്‍വകലാശാലകളില്‍ ഇടക്കാല വൈസ് ചാന്‍സലര്‍മാരെ നിയോഗിച്ച ബംഗാള്‍ ഗവര്‍ണര്‍ സി.വി ആനന്ദ ബോസിനെതിരേ വിമര്‍ശനം കടുപ്പിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്. രാജ്ഭവന്‍ ഏകാധിപത്യ രീതിയിലാണ് പ്രവര്‍ത്തിക്കുന്നതെന്നും സര്‍വകലാശാല സംവിധാനത്തെ ഇത് നശിപ്പിക്കുമെന്നും ബംഗാള്‍ വിദ്യാഭ്യാസ മന്ത്രി ബ്രത്യ ബസു കുറ്റപ്പെടുത്തി.

ഗവര്‍ണര്‍ സിവി ആനന്ദബോസിനെ ജെയിംസ് ബോണ്ടിനോട് ഉപമിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. സംസ്ഥാനത്തെ മുന്‍ ഗവര്‍ണറായിരുന്ന ജഗ്ദീപ് ധന്‍കര്‍ ഇതിലും ഭേദമായിരുന്നുവെന്നും ബ്രത്യ ബസു പറഞ്ഞു.

‘നേരത്തെയുള്ള ഗവര്‍ണര്‍ ഫയലുകളെങ്കിലും നീക്കാറുണ്ടായിരുന്നു. ഞാന്‍ ഒരു ഫയല്‍ അയച്ചാല്‍ അദ്ദേഹം അതില്‍ ഒരു കുറിപ്പ് അയക്കും. അതിന് ഒരുമറുപടിക്കുറിപ്പ് ഞാന്‍ തിരിച്ചും അയക്കും. വിയോജിപ്പുണ്ടെങ്കില്‍ പരസ്പരം വാദിക്കും. മുതിര്‍ന്ന അഭിഭാഷകനായാതിനാല്‍ അദ്ദേഹത്തിന് നിയമം അറിയാം.

അന്ന് ചര്‍ച്ചയും സംസാരവുമെല്ലാം ഉണ്ടായിരുന്നു. ഇന്നത്തെ പോലെ ആയിരുന്നില്ല കാര്യങ്ങള്‍. ധന്‍കറുമായി സംസാരിക്കുമ്പോഴെല്ലാം മേശയ്ക്ക് ഇരുവശത്തും ഇരുന്ന് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ അദ്ദേഹം ആഗ്രഹിച്ചിരുന്നു. നിയമത്തെക്കുറിച്ച് ഞങ്ങള്‍ പരസ്പരം വാദിച്ചു. ഇതെല്ലാം നടന്നത് മുഖാമുഖമാണ്. അദ്ദേഹം ജെയിംസ്‌ ബോണ്ടിനെ പോലെ നിശബ്ദനായ ഓപ്പറേറ്ററായിരുന്നില്ല’- ബ്രത്യ ബസു പറഞ്ഞു.

അക്കാദമിക പശ്ചാത്തലമില്ലാത്തവരെ വിസിയായി നിയമിച്ചെന്ന് ആരോപിച്ച് മുഖ്യമന്ത്രി മമതാ ബാനര്‍ജിയും ഗവര്‍ണറുടെ നടപടിയെ ചോദ്യംചെയ്തിരുന്നു. അതേസമയം വൈസ് ചാന്‍സലര്‍മാര്‍ക്ക് അക്കാദമിക പശ്ചാത്തലം ആവശ്യമില്ലെന്നാണ് സര്‍വ്വകലാശാല ചട്ടങ്ങളില്‍ പറയുന്നതെന്നാണ് ഗവര്‍ണറുടെ ഓഫീസിന്റെ വാദം.

പ്രസിഡന്‍സി യൂണിവേഴ്‌സിറ്റി, മൗലാനാ അബ്ദുള്‍ കലാം ആസാദ് യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജി, ബര്‍ദ്വാന്‍ യൂണിവേഴ്‌സിറ്റി, നേതാജി സുബാഷ് ഓപ്പണ്‍ യൂണിവേഴ്‌സിറ്റി, വെസ്റ്റ് ബംഗാള്‍ യൂണിവേഴ്‌സിറ്റി ഓഫ് ആനിമല്‍ ആന്‍ഡ് ഫിഷറീസ് സയന്‍സ് തുടങ്ങിയ ഇടങ്ങളിലാണ് പുതിയ ഇടക്കാല വി.സിമാരെ നിയോഗിച്ച് ഗവര്‍ണര്‍ ഞായറാഴ്ച ഉത്തരവിറക്കിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button