ഭിക്ഷക്കാരന്‍ ക്ഷേത്രത്തിന് സംഭാവനയായി നല്‍കിയത് എട്ടു ലക്ഷം രൂപ!
വിജയവാഡ: വയോധികനായ ഭിക്ഷക്കാരന്‍ ക്ഷേത്രത്തിന് സംഭാവനയായി നല്‍കിയത് എട്ടുലക്ഷം രൂപ. ആന്ധ്രയിലെ വിജയവാഡയില്‍ ക്ഷേത്രങ്ങളില്‍ ഭിക്ഷയെടുക്കുന്ന 73കാരനായ യാഡി റെഡ്ഡിയാണ് ഭീമന്‍ തുക സായി ബാബ ക്ഷേത്രത്തിന് സംഭാവനയായി നല്‍കിയത്. ‘നാല്‍പ്പത് വര്‍ഷക്കാലം ഞാന്‍ റിക്ഷാ വലിക്കുകയായിരുന്നു. ആദ്യം ഒരുലക്ഷം രൂപയാണ് കൊടുത്തത്. ആരോഗ്യം നശിച്ചതോടെ പണത്തിന്റെ ആവശ്യമില്ലെന്ന് തോന്നി. ഇതാണ് കൂടുതല്‍ പണം ക്ഷേത്രത്തിന് നല്‍കാന്‍ തീരുമാനിച്ചതിന് പിന്നിലെ കാരണം’-റെഡ്ഡി പറയുന്നു.
ക്ഷേത്രത്തിന് പണം നല്‍കി തുടങ്ങിയത് മുതല്‍ തന്റെ വരുമാനം വര്‍ദ്ധിച്ചിട്ടേയുള്ളുവെന്നും റെഡ്ഡി പറയുന്നു. ‘പണം നല്‍കിയതിന് ശേഷം ആളുകള്‍ എന്നെ തിരിച്ചറിഞ്ഞ് തുടങ്ങി. എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് വരുമനം വര്‍ദ്ധിക്കുകയാണ് ചെയ്തത്. എന്റെ എല്ലാ സമ്പാദ്യവും നല്‍കാമെന്ന് ഞാന്‍ ദൈവത്തിന് ഉറപ്പു നല്‍കിയിട്ടുണ്ട്’-റെഡ്ഡി പറയുന്നു. യാഡി റെഡ്ഡിയുടെ പണം കൊണ്ട് ഗോശാല നിര്‍മ്മിക്കാനാണ് ക്ഷേത്രം ഉദ്ദേശിക്കുന്നത്. തങ്ങള്‍ ഇതുവരെയും ആരോടും സംഭാവനകള്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും ആളുകള്‍ സ്വമേധയാ പണം തരുന്നതാണെന്നും ക്ഷേത്ര അധികൃതര്‍ പറഞ്ഞു.