വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നതിൽ നിന്നും അന്താരാഷ്ട്ര മാദ്ധ്യമമായ ബിബിസിയെ വിലക്കി ചൈനീസ് സർക്കാർ
ബെയ്ജിംഗ് : വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നതിൽ നിന്നും അന്താരാഷ്ട്ര മാദ്ധ്യമമായ ബിബിസിയെ വിലക്കി ചൈനീസ് സർക്കാർ. നാഷണൽ റേഡിയോ ആന്റ് ടെലിവിഷൻ അഡ്മിനിസ്‌ട്രേഷനെ ഉദ്ധരിച്ച് ചൈനീസ് മാദ്ധ്യമമായ സിജിടിഎൻ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ദേശീയ താത്പര്യത്തിന് വിരുദ്ധമായി വാർത്തകൾ നൽകിയെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
കൊറോണയുമായി ബന്ധപ്പെട്ട വാർത്തകൾ കൈകാര്യം ചെയ്യുന്നതിൽ ആരംഭം മുതലേ ചൈനീസ് സർക്കാർ മാദ്ധ്യമങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. അന്വേഷണത്തിൽ ബിബിസി ഈ നിയന്ത്രണങ്ങൾ ലംഘിച്ചതായി വ്യക്തമായതായി വിലക്കേർപ്പെടുത്തിക്കൊണ്ട് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. കൊറോണയുമായി ബന്ധപ്പെട്ട് മാദ്ധ്യമം നൽകിയ വാർത്തകൾ അടിസ്ഥാന രഹിതവും വ്യാജവുമാണ്. രാജ്യതാത്പര്യത്തിന് വിരുദ്ധമാണെന്നും ദേശീയ ഐക്യത്തിന് ഭംഗമുണ്ടാക്കുന്നതാണെന്നും പ്രസ്താവനയിൽ വ്യക്തമാക്കുന്നുണ്ട്.
വാർത്തകൾ റിപ്പോർട്ട് ചെയ്യാൻ അനുമതി ആവശ്യപ്പെട്ട് നൽകിയ അപേക്ഷയിൽ ചൂണ്ടിക്കാട്ടിയ കാര്യങ്ങളൊന്നും മറ്റ് അന്താരാഷ്ട്ര മാദ്ധ്യമങ്ങളുടേത് പോലെ ബിബിസി പാലിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടുന്നു.